
“നിവിന്റെ പ്രകടനം പഴയ മോഹൻലാൽ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു“; ആഷിഖ് അബു ശരീരമാസകലം മസിലുള്ള നായകന്മാരെയല്ല, അടുത്ത വീട്ടിലെ പയ്യൻ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളി പ്രേക്ഷകർ എന്നും നെഞ്ചിലേറ്റയിട്ടുള്ളതെന്ന് നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ്. സംവിധായകൻ ആഷിഖ് അബുവുമായുള്ള സ്വകാര്യ സംഭാഷണം പങ്കുവെച്ചുകൊണ്ട് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഗിരീഷ് സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ പ്രകടനത്തെ പഴയ മോഹൻലാൽ കഥാപാത്രങ്ങളുടെ ശൈലിയോട് ആഷിഖ് അബു ഉപമിച്ചതായും ജോളി ജോസഫ് വെളിപ്പെടുത്തി.
കൊച്ചി വിമാനത്താവളത്തിൽ വെച്ചുണ്ടായ അപ്രതീക്ഷിത കണ്ടുമുട്ടലിലാണ് ആഷിഖ് അബുവുമായി സിനിമാ വിശേഷങ്ങൾ പങ്കുവെച്ചതെന്ന് കുറിപ്പിൽ പറയുന്നു. ലാലേട്ടന്റെ പഴയകാല കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നതുപോലെ പ്രേക്ഷകനെ ഒരുപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന പ്രത്യേക ‘വശീകരണം’ നിവിൻ പോളി ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ആഷിഖ് അബുവിന്റെ അഭിപ്രായം. തിയേറ്ററുകളിൽ വലിയ വിജയമായി മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയേക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കിയതായി ജോളി ജോസഫ് കുറിച്ചു.
കോട്ടും സൂട്ടും കറുത്ത കണ്ണടയും മസിലുകളുമുള്ള നായകന്മാരുടെ പ്രകടനങ്ങൾക്ക് മലയാള സിനിമയിൽ അധികകാലം ആയുസ്സുണ്ടായിട്ടില്ല എന്നത് ഒരു ചരിത്ര സത്യമാണെന്ന് ജോളി ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഒരൽപം ശരീരപുഷ്ടിയുള്ള നാട്ടിൻപുറത്തുകാരനായ, സങ്കടങ്ങളും പതർച്ചകളും പരിമിതികൾക്കുള്ളിലെ ചെറിയ ഹീറോയിസവുമുള്ള കഥാപാത്രങ്ങളെയാണ് മലയാളികൾ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ ഒടുവിൽ ആഷിഖ് അബുവുമൊത്തുള്ള പഴയകാല അനുഭവങ്ങളും തമാശരൂപേണ ജോളി ജോസഫ് പങ്കുവെക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ആഷിഖ് അബു മാതൃഭൂമിക്ക് വേണ്ടി സംവിധാനം ചെയ്ത ഒരു പരസ്യചിത്രത്തിലും പിന്നീട് ‘നാരദൻ’ എന്ന സിനിമയിലും താൻ അഭിനയിച്ചിരുന്നുവെന്ന് ഓർമപ്പെടുത്തിയ അദ്ദേഹം, നാടൻ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഈ പുതിയ ട്രെൻഡിൽ തനിക്കൊരു അവസരം കൂടി നൽകണമെന്ന് സിനിമാ സംവിധായകരോട് അഭ്യർത്ഥിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജോളി ജോസഫ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
മിനിഞ്ഞാന്ന് കൊച്ചി വിമാനത്താവളത്തിൽനിന്നും വണ്ടി കയറാൻ കാത്തുനിൽക്കുമ്പോൾ, എന്റെ വണ്ടിയിൽ തന്നെ യാത്ര ചെയ്യേണ്ട പ്രിയ ചെങ്ങായിയും നിർമാതാവും സംവിധായകനും നടനും സിനിമാട്ടോഗ്രാഫറുമായ ആഷിക് അബുവിനെ കണ്ടുമുട്ടി. അഞ്ചാറുമാസമായി കണ്ടിട്ട്, കണ്ട പാടെ വർത്തമാനം കത്തിക്കയറി. അധികം വൈകാതെ സംസാരം ഗിരീഷിന്റെ ‘ബത്ലേഹം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലേക്കും നിവിൻ പോളിയിലേക്കും സുന്ദരിക്കുട്ടി മമിതാ ബൈജുവിലേക്കും വഴിമാറി.
ആഷിയുടെ അഭിപ്രായത്തിൽ, നമ്മുടെ ലാലേട്ടന്റെ പഴയ കഥാപാത്രങ്ങൾക്കുണ്ടായിരുന്ന, പ്രേക്ഷകനെ ഇരുത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരുതരം ‘വശീകരണം’ നിവിൻ പോളി ഇപ്പോൾ സ്വന്തമാക്കിയിയിട്ടുണ്ട്. തിയറ്ററുകളിൽ ഇപ്പോൾ നിറഞ്ഞാടുന്ന ഈ നിവിൻ പോളി പടം ശരിക്കും ‘പൊളി’ ആയിട്ടുണ്ട്! സിനിമാവൃത്തങ്ങളിൽ ബി.കെ.യു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ചിത്രം ഒരുപക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വമ്പൻ കളക്ഷൻ സ്വന്തമാക്കിയേക്കും എന്നാണ് സൂചന. ഒരുപാട് കുരിശുമരണങ്ങളും ഉയിർത്തെഴുന്നേൽപ്പുകളും കഴിഞ്ഞ നിവിൻ പോളിക്ക് വലിയൊരു നായക പദവിയാണ്, ഉത്തരവാദിത്തമാണ് കാത്തിരിക്കുന്നത്.
ഒരു കാര്യത്തിൽ ഞാനും ആഷിയും ഒരേ തൂവൽ പക്ഷികളാണ്. ശരീരത്തിൽ മസിലുള്ളവനല്ല മലയാളിയുടെ ഹീറോ. അടുത്ത വീട്ടിലെ പയ്യൻ ഇമേജുള്ള കുസൃതിക്കാരനെയാണ് മലയാളികൾക്ക് ഏറെ ഇഷ്ടം. ഒരൽപം ശരീരപുഷ്ടിയുള്ള നാട്ടിൻപുറത്തുകാരനായ അവന്റെ സങ്കടങ്ങളും നാണവും പപരുങ്ങലുകളും പരിമിതികൾക്കുള്ളിലെ ചെറിയ ചെറിയ ഹീറോയിസവും തന്നെയാണ് മലയാളിയുടെ സ്വന്തം സ്വപ്നനായകൻ…! ശരീരമാസകലം മസിലുള്ള മസിലളിയന്മാരുടെ പ്രകടനങ്ങൾ, കോട്ടും സ്യുട്ടും കറുത്ത കണ്ണടയും കാറും കാരവാനും നമ്മുടെ സിനിമാലോകത്ത് അധികകാലം വാണിട്ടില്ല എന്നത് വെറുമൊരു അഭിപ്രായമല്ല, ചരിത്ര സത്യമാണ്.
ഒരു കാര്യം പങ്കുവെയ്ക്കട്ടെ, ശരീരത്തിൽ ലവലേശം മസിലില്ലാത്ത, ‘നന്മ- മര- മുഖമുള്ള’ എന്നെയും അനീഷിനെയും വെച്ച് പത്തുപതിനേഴ് വർഷം മുൻപ് ആഷിക് അബു മാതൃഭൂമി ദിനപത്രത്തിന് വേണ്ടി, ഷൈജു ഖാലിദിന്റെ ക്യാമറയിൽ ഒരു സൂപ്പർഹിറ്റ് പരസ്യം ചെയ്തിരുന്നു! കമന്റ് ബോക്സിൽ ചാർത്താം, അരമിനിട്ട് സമയമുള്ളവർ കണ്ടിട്ട് നിർദാക്ഷിണ്യം വിധി പറയാൻ മറക്കണ്ട. എന്നിലെ ‘ഓസ്കാർ നടന ശാസ്ത്രം’ ആഷിയെ അന്ന് വല്ലാതെ വശീകരിച്ചു കാണണം, അതുകൊണ്ടാവണം അദ്ദേഹത്തിന്റെ ‘നാരദൻ’ എന്ന പടത്തിലും അരിമണികൾ പെറുക്കി എടുക്കാൻ എന്നെ അനുവദിച്ചത്…! അതിനുശേഷം സിനിമാ വേഷത്തിന് അദ്ദേഹം ഒരിക്കലും എന്നെ വിളിച്ചിട്ടില്ല. അതിൽ എനിക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല കേട്ടോ. പക്ഷേ ഈ പുതുപുത്തൻ ‘ട്രെൻഡിൽ’ എനിക്കൊരു അവസരം കൂടിയില്ലേ എന്നൊരു സന്ദേഹം മാത്രം ബാക്കിയുണ്ട്. സിനിമാ സംവിധായകർ ശ്രദ്ധിക്കുമല്ലോ.