
തമിഴ് നടൻ രവി മോഹന്റെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലേസും, 40,000 രൂപയും മോഷണം പോയെന്ന് പരാതി. ഇതിന്റെ പേരിൽ വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായും റിപ്പോർട്ടുണ്ട്. ജോലിക്കാർ ഇത് മോഷ്ടിച്ചു ന്ന സംശയത്തിൻ്റെ പേരിലാണ് താരത്തിൻ്റെ ടീം അവരെ തടഞ്ഞു വെച്ചിരിക്കുന്നത്. രവി മോഹന്റെ ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള വസതിയിലാണ് മോഷണം നടന്നിരിക്കുന്നത്.
മോഷണം ആരോപിച്ച് രവി മോഹൻ്റെ മാനേജർ ജോലിക്കാർക്കെതിരെ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ താരമോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച ജോലിക്ക് പോയ വീട്ടുജോലിക്കാർ തിരികെ വന്നില്ല എന്ന് കാണിച്ച് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെത്തുടർന്ന് നീലാങ്കരൈ പോലീസ് താരത്തിൻ്റെ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടിൽ രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയും തടഞ്ഞുവെച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
മോഷണം നടന്നതായി സംശയമുണ്ടെങ്കിൽ ഔദ്യോഗികമായി പോലീസിൽ പരാതി നൽകുകയാണ് വേണ്ടതെന്നും, ആളുകളെ തടഞ്ഞുവെച്ച് സ്വകാര്യമായി ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും പോലീസ് വ്യക്തമാക്കി. തുടർന്ന് പോലീസിൻ്റെ ഇടപെടലിലൂടെ ജോലിക്കാരെയും ആൺകുട്ടിയെയും അവിടെനിന്നും മാറ്റി. സംഭവത്തിന് പിന്നാലെ, ഈ സംഭവങ്ങൾ നടക്കുമ്പോൾ നടൻ രവി മോഹൻ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അടുത്തിടെയായി താരത്തിൻ്റെ വ്യക്തിജീവിതം വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. 2024 സെപ്റ്റംബറിൽ ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാർത്ത താരം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഗായിക കെനീഷ ഫ്രാൻസിസുമായുള്ള താരത്തിൻ്റെ അടുപ്പവും ചർച്ചയായി. ഇരുവരും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ 2026 മേയിൽ രവി മോഹനുമായി വേർപിരിയുകയാണെന്നറിയിച്ച് കെനീഷ രംഗത്തെത്തി. ഇതിന് പിന്നാലെ നടന്ന ഒരു പത്രസമ്മേളനത്തിൽ, ആദ്യഭാര്യയുമായുള്ള വിവാഹമോചനം പൂർത്തിയാകാതെ താൻ ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് താരം പൊട്ടിക്കരയുകയും ചെയ്തു.
ലോകേഷ് കനകരാജിന്റെ എൽസിയു (LCU) വിൻ്റെ ഭാഗമായി ബക്കിയരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ‘ബെൻസ്’ (Benz) എന്ന പുതിയ ചിത്രത്തിലാണ് രവി മോഹൻ അടുത്തതായി അഭിനയിക്കാൻ ഒരുങ്ങുന്നത്. രാഘവ ലോറൻസാണ് ഈ ചിത്രത്തിലെ നായകൻ.