ഭർത്താവിനൊപ്പം ഏറ്റവുംകൂടുതൽ സമയം ചിലവഴിച്ചത് ഈ വിശ്രമദിവസങ്ങളിൽ; പരിക്ക് അനുഗ്രഹമായെന്ന് രശ്‌മിക

','

' ); } ?>

‘മൈസ’ എന്ന പുതിയ ചിത്രത്തിന്റെ നൃത്തരംഗ ചിത്രീകരണത്തിനിടെ ഇടുപ്പിലെ ടെൻഡൻ (tendon) പൊട്ടി പൂർണ്ണ വിശ്രമത്തിലാണ് നടി രശ്മിക മന്ദാന. എന്നാൽ, ഈ അപ്രതീക്ഷിത വിടവ് തന്റെ ജീവിതത്തിൽ വലിയൊരു സന്തോഷത്തിനാണ് വഴിയൊരുക്കിയതെന്ന് താരം വെളിപ്പെടുത്തുന്നു. പരിക്കുമൂലം സിനിമാ തിരക്കുകളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നെങ്കിലും, വിവാഹശേഷം ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ ഇത് സഹായിച്ചതായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മിക പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ പരമ്പരാഗത ആന്ധ്രാ ശൈലിയിലായിരുന്നു വിജയിയുടെയും രശ്മികയുടെയും വിവാഹം. എന്നാൽ, തുടർന്നുള്ള മൂന്ന് മാസക്കാലം കടുത്ത ജോലിത്തിരക്കുകൾ കാരണം ഇരുവർക്കും നേരിൽ കാണാൻ പോലും സാധിച്ചിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു ആശയവിനിമയം. ഈ സാഹചര്യത്തിലാണ് ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെ രശ്മികയുടെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ വേർപെടുകയും വലതുകാൽ ഉയർത്താൻ പോലും കഴിയാത്തവിധം പരിക്ക് ഗുരുതരമാവുകയും ചെയ്യുന്നത്. തുടർന്ന് താരം പൂർണ്ണ വിശ്രമത്തിലേക്ക് മാറുകയായിരുന്നു.

തുടക്കത്തിൽ ഇത്രയധികം സമയം വീട്ടിനുള്ളിൽ ഒരുമിച്ച് ചെലവഴിക്കുന്നത് അല്പം അപരിചിതമായി തോന്നിയിരുന്നെങ്കിലും പിന്നീട് അത് ആസ്വദിക്കാൻ തുടങ്ങിയെന്ന് രശ്മിക പറയുന്നു. ഒഴിവുസമയത്ത് ഗൗരവമേറിയ പ്രോഗ്രാമുകൾ കാണാൻ വിജയ് താല്പര്യം കാണിച്ചപ്പോൾ, രശ്മികയ്ക്ക് പ്രിയം കൊറിയൻ ഡ്രാമകളോടായിരുന്നു. ഒടുവിൽ വിജയിനെയും കെ-ഡ്രാമകളുടെ ആരാധകനാക്കി മാറ്റാൻ തനിക്ക് കഴിഞ്ഞുവെന്നും താരം തമാശയായി പങ്കുവെച്ചു. തങ്ങൾക്ക് ഇനിയും ഇതുപോലെ ഒരുമിച്ച് സമയം വേണമെന്നും, എന്നാൽ അടുത്ത തവണ പരിക്കുകൾ ഒന്നും ഇല്ലാതെയായിരിക്കണമെന്നുമായിരുന്നു ഇതിനോടുള്ള വിജയിയുടെ പ്രതികരണം.

നവാഗതനായ രവീന്ദ്ര പുല്ലൈ സംവിധാനം ചെയ്യുന്ന ‘മൈസ’ താൻ അഭിനയിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന ചിത്രമാണെന്ന് രശ്മിക വ്യക്തമാക്കി. കാൽ ശരിയായി ഉയർത്താൻ കഴിയണമെങ്കിൽ ഇത് പൂർണ്ണമായി ഭേദമാകുന്നതുവരെ വിശ്രമം അത്യാവശ്യമാണ്. പരിക്കേറ്റിട്ടും നിസ്സഹായത തോന്നിയില്ലെന്നും, ഈ ഇടവേള നന്നായി ഉറങ്ങാനും പുസ്തകങ്ങൾ വായിക്കാനും കുടുംബത്തോടൊപ്പം ചെലവിടാനും വിനിയോഗിച്ചതായും താരം കൂട്ടിച്ചേർത്തു. ‘മൈസ’യ്ക്ക് പുറമെ ‘രണബാലി’, ‘പുഷ്പ 3’, ‘ആനിമൽ പാർക്ക്’, ‘രാക്ക’ തുടങ്ങിയ വൻകിട ചിത്രങ്ങളാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.