
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യത്തിൽ എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഓൺലൈൻ ചാനൽ അഭിമുഖത്തിനിടെ ലക്ഷ്മിപ്രിയ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ കേസെടുക്കാൻ ഉത്തരവിടണമെന്ന അൻസിബയുടെ ഹർജി മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
ലക്ഷ്മിപ്രിയ നടത്തിയ പരാമർശങ്ങളിൽ ക്രിമിനൽ കേസെടുക്കാൻ തക്ക ഗൗരവമേറിയ കുറ്റങ്ങളില്ലെന്നും ഇത് കേവലം അപകീർത്തിയുടെ പരിധിയിൽ വരുന്ന വിഷയമാണെന്നുമായിരുന്നു കേസിൽ പോലീസിന്റെ നിലപാട്. പോലീസിന്റെ ഈ വിശദീകരണം ശരിവച്ചാണ് മജിസ്ട്രേറ്റ് കോടതി മുൻപ് കേസെടുക്കാനുള്ള ആവശ്യം നിരസിച്ചത്. തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അൻസിബ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.