
നടി രശ്‌മികാ മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും വിവാഹിതരായി. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരം വ്യാഴാഴ്‌ച രാവിലെ 10:10-ഓടെയായിരുന്നു വിവാഹം. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള മെമെൻറോസ് ബൈ ഐടിസി, ഇകായ ഉദയ്‌പുർ എന്ന പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു മൂന്ന് ദിവസം നീണ്ട് നിന്ന വിവാഹം. ആരാധകർ ഇരുവർക്കും നൽകിയ ‘വിരോഷ്’ എന്ന പേരാണ് വിവാഹത്തിന് ഉപയോഗിച്ചിരുന്നത്. വിവാഹചിത്രങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ.
രശ്മികയുടെ കുടുംബത്തിൻ്റെ പരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകൾ വൈകീട്ട് നാല് മണിക്ക് നടക്കും. കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ എന്നിങ്ങനെ നൂറോളം പേർക്കാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ വച്ചുനടന്ന സ്വകാര്യചടങ്ങിൽ വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
2018-ൽ ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പിന്നീട് 2019-ൽ പുറത്തിറങ്ങിയ ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. പിന്നീട് വർഷങ്ങൾ കടന്നുപോകവെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്.