പാടുന്നതിനിടെ മുഖത്ത് ഡ്രോൺ ഇടിച്ചു; വേദി വിട്ട് ‘ലോക’യിലെ റാപ്പ് ഗായിക

','

' ); } ?>

ഗുവാഹത്തിയിൽ നടന്ന ‘പൾസ് 2026 അവാർഡ്’ വേദിയിൽ പ്രകടനത്തിനിടെ ഡ്രോൺ മുഖത്ത് തട്ടി റാപ്പറും ഗായികയുമായ ഡയഫി ലമാരെ എന്ന റെബെലിന് പരിക്ക്. വ്യാഴാഴ്ച നടന്ന പരിപാടിയിൽ ‘റൺ ഡൗൺ ദി സിറ്റി-മോണിക്ക’ എന്ന ഗാനം അവതരിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡ്രോൺ മുഖത്തേക്ക് പറന്നുവന്ന് ഇടിച്ചത്. ആഘാതത്തിൽ ഞെട്ടിയ റെബെൽ കുറച്ചുനേരം പ്രകടനം നിർത്തിയ ശേഷം ഒന്നും പറയാതെ വേദിയിൽ നിന്ന് മടങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകർ വലിയ ആശങ്ക പ്രകടിപ്പിക്കുകയും സംഘാടകരുടെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. തലയിലും കഴുത്തിലും ഡ്രോണിന്റെ ചിറകുകൾ തട്ടിയാൽ ഗുരുതരമായ പരിക്കുകൾക്ക് സാധ്യതയുണ്ടെന്നും കലാകാരികൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടെന്നുമാണ് ഉയരുന്ന വിമർശനങ്ങൾ. വെള്ളിയാഴ്ച വരെയും അപകടത്തെക്കുറിച്ചോ പരിക്കിന്റെ തീവ്രതയെക്കുറിച്ചോ റെബെൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, തന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഇൻസ്റ്റഗ്രാം സ്റ്റോറി അവർ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

2025-ൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’യിലെ ‘തനി ലോക മുറക്കാരി’ എന്ന ഗാനത്തിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരിയായ കലാകാരിയാണ് റെബെൽ. ആദിത്യ ധർ ഒരുക്കിയ ‘ധുരന്ധർ’ ഫ്രാഞ്ചൈസിയിലെ റാപ്പ് ഗാനങ്ങളിലൂടെയും അവർ ദേശീയ ശ്രദ്ധ നേടിയിരുന്നു.

മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹിൽസ് സ്വദേശിയായ ഡയഫി ലമാരെ പതിനൊന്നാം വയസ്സിലാണ് റാപ്പിംഗ് ആരംഭിച്ചത്. 2018-ൽ ‘ദയ’ എന്ന പേരിൽ വേദികളിലെത്തിയ അവർ ഒരു വർഷത്തിന് ശേഷമാണ് ‘റെബെൽ’ എന്ന പേര് സ്വീകരിച്ചത്. ബംഗളൂരുവിൽ സിവിൽ എൻജിനീയറിംഗ് പഠനത്തിനിടെയും സംഗീതത്തിൽ സജീവമായിരുന്ന റെബെലിന്റെ ആദ്യ ഇ.പി ആയ ‘എൻട്രോപ്പി’ 2022-ലാണ് പുറത്തിറങ്ങിയത്.