പാട്ടിന്റെ ഇരുപതാണ്ട്…

','

' ); } ?>

ചലച്ചിത്ര പിന്നണി ഗാന രംഗത്ത് ഇരുപത് വര്‍ഷക്കാലം സജീവമായി നില്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സംഗീതവുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍, ഏക എന്ന മ്യൂസിക് ബാന്റ്, സ്റ്റേജ് ഷോകള്‍ അങ്ങനെ ചലച്ചിത്ര ഗാനങ്ങള്‍ക്കൊപ്പം തന്റേതായ സംഗീത വഴികളിലാണ് രഞ്ജിനി ജോസ് എന്ന ഗായിക. ആലാപനത്തിനൊപ്പം തന്നെ ഗാനരചനയിലും താല്‍പര്യമുള്ള രഞ്ജിനി റെഡ്ചില്ലീസ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തില്‍ രഞ്ജിനി ജോസ് എഴുതി സംഗീതം ചെയ്ത് ആലപിച്ച ഇംഗ്ലീഷ് ഗാനം ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് ഗായിക. ഇരുപതാണ്ട് നീണ്ട സംഗീത ജീവിതത്തെ കുറിച്ച് രഞ്ജിനി സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുന്നു.

  • 1999 ല്‍ ബേണി ഇഗ്നേഷ്യസ് എന്ന സംഗീത സംവിധായകനൊപ്പം തുടങ്ങിയ സംഗീതയാത്ര ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ എന്തു തോന്നുന്നു?

ഞാന്‍ ഭയങ്കര ഭാഗ്യം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇത്രയൊന്നും ഡിജിറ്റലായി വളര്‍ന്നിട്ടില്ലാത്ത ഒരു കാലത്ത് തന്നെ സിനിമയിലെത്താന്‍ കഴിഞ്ഞത് തന്നെയാണ് ഭാഗ്യം. ചിത്ര ചേച്ചിയും സുജാത ചേച്ചിയും മാത്രം നില്‍ക്കുന്ന സമയത്താണ് ഞാന്‍, വിധു, ഗായത്രി ചേച്ചി എല്ലാം ഒന്നിച്ചു വരുന്നത്. ആദ്യത്തെ പാട്ട് തന്നെ ചിത്ര ചേച്ചിയ്‌ക്കൊപ്പം പാടാന്‍ കഴിഞ്ഞു. അവിടെ നിന്നിങ്ങോട്ട് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

  • അമ്മ സംഗീതജ്ഞയാണ്, അച്ഛന്‍ നിര്‍മ്മാതാവ്.. ഈ പശ്ചാത്തലമല്ലേ ഈ രംഗത്തേക്കെത്താന്‍ തുണച്ചത്?

ചിലപ്പോള്‍ ആയിരിക്കാം. അച്ഛന്‍ സംഗീത സ്‌നേഹിയും അമ്മ സംഗീതജ്ഞയുമായ വീടായിരുന്നു എന്റേത്. അമ്മയുടെ ജീനാകും കിട്ടിയത്. ഒരു പക്ഷേ അച്ഛന്റെ ആഗ്രഹമോ നിര്‍ബന്ധമോ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ മേഖലയിലെത്തിപ്പെടാതെ ഒരു ഡോക്ടറാവുമായിരുന്നു. പഠിയ്ക്കാന്‍ അഡ്മിഷന്‍ വരെ കിട്ടിയതായിരുന്നു. അങ്ങനെയിരിക്കെ അച്ഛന്റെ സുഹൃദ്ബന്ധം വെച്ചിട്ടാണ്. തുളസീദാസ് അങ്കിളിന്റെ ചിത്രത്തില്‍ പാടാന്‍ അവസരം കിട്ടുന്നത്. പിന്നീട് ബേണി ഇഗ്നേഷ്യസ് സാറിന്റെ കൂടെ ഒന്ന് രണ്ട് ചിത്രത്തില്‍ കൂടെ പാടിയതോടെ എനിയ്ക്ക് റെക്കമെന്റേഷന്റെ ആവശ്യമൊന്നും വേണ്ടി വന്നിട്ടില്ല.

  • രഞ്ജിനിയ്ക്ക് എപ്പോഴും സ്വന്തമായ സംഗീത വഴികളാണല്ലോ ഇഷ്ടം. സിനിമയിലെ തിരക്ക് കാരണം വഴിമാറിപോയി എന്ന് തോന്നിയിട്ടുണ്ടോ?

ഇല്ല. കാരണം ഞാന്‍ കരിയര്‍ തുടങ്ങുന്നത് സിനിമയില്‍ നിന്നാണ്. അതിനൊപ്പം തന്നെ എന്റെ സംഗീതവും മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ആല്‍ബങ്ങളാണെങ്കിലും, എഴുത്താണെങ്കിലുമെല്ലാം തുടരുന്നുണ്ടായിരുന്നു. അടുത്ത് വരാനിരിക്കുന്ന സിനിമയില്‍ ഞാന്‍ തന്നെയാണ് എഴുതി പാടിയിരിക്കുന്നത്. എന്നും പ്ലേ ബാക്ക് സിങ്ങിംഗിലാണ് നമ്മുടെ ജോലി ഒതുങ്ങി നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി എല്ലാവര്‍ക്കും കുറേ കൂടെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ അവസരമുണ്ട്.

  • വരാനിരിക്കുന്ന കിംഗ് ഫിഷ് എന്ന സിനിമയിലെ പാട്ടിനെ കുറിച്ച്?

അനൂപ് മേനോന്‍ ചേട്ടന്റെ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. അതിന്റെ വര്‍ക്കെല്ലാം കഴിഞ്ഞ് ഇരിയ്ക്കുന്ന സമയത്താണ് യാദൃശ്ചികമായി അനൂപേട്ടനെ കാണുന്നത്. അപ്പോഴാണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിംഗ് ഫിഷ് എന്ന തീം അടിസ്ഥാനമാക്കി ഒരു തീം സോംഗ് വേണമെന്ന് പറയുന്നത്. ഒരു ഇംഗ്ലിഷ് സ്റ്റൈല്‍ സോംഗ് ആണ് വേണ്ടതെന്നും നിനക്ക് അത് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ എഴുതി അയച്ച പാട്ട് അനൂപേട്ടന് ഇഷ്ടപ്പെട്ടു. മ്യൂസിക് ഡയറക്ഷനും, പ്രോഗ്രാമിങ്ങും, ബാക്ക് ഗ്രൗണ്ട് സ്‌കോറും ഒക്കെ ചെയ്യുന്ന ബോംബോയിലുള്ള എന്റെ സുഹൃത്ത് ധര്‍മ്മ വിഷ്ണുവാണ് ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. അങ്ങനെ എഴുതി, കംപോസ് ചെയ്ത് ഞാന്‍ തന്നെ പാടിയ പാട്ടിനായുള്ള കാത്തിരിപ്പിലാണ്.

  • സ്വതന്ത്ര സംഗീത വഴികള്‍ എങ്ങനെ പോകുന്നു?

അത് അതിന്റെ വഴിയ്ക്ക് നടക്കുന്നുണ്ട്. മുഖ്യധാര എപ്പോഴും സിനിമയ്ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഇപ്പോള്‍ അത് പതിയെ കുറഞ്ഞ് വരുന്നുണ്ട്. വിദ്യ വോക്‌സ്, സന മൊയ്തൂട്ടി തുടങ്ങീ ഒരുപാട് പേര്‍ യൂട്യൂബ് ചാനലിലൂടെ സിനിമയില്ലെങ്കിലും കുഴപ്പമില്ല നമുക്ക് നില്‍ക്കാനാകുമെന്ന് തെളിയിക്കുന്നുണ്ട്. എന്നെ കാണുന്ന നഗരത്തിലുള്ള ആളുകളാണെങ്കില്‍ നമ്മളീ പറയുന്ന സ്വതന്ത്ര സംഗീതമൊക്കെ മനസ്സിലാകും. പക്ഷേ നാട്ടിന്‍പുറത്ത് ചെന്നാല്‍ ഇപ്പോഴും ചേച്ചീ ഏത് സിനിമയിലാണ് പാടിയതെന്ന് ചോദിയ്ക്കുന്ന പ്രവണതയുണ്ട്. സിനിമാ സംഗീതത്തിന്് അത്രമാത്രം പ്രാധാന്യമുണ്ട്. കൂടുതലും ഞാന്‍ ബോംബെയിലാണുള്ളത്. രണ്ട് പുതിയ ഹിന്ദി പ്രൊജക്റ്റുകള്‍ ഇറങ്ങാനുണ്ട്. വിശദമായി പറയാനായിട്ടില്ല.

  • ഏക എന്ന ബാന്റിന്റെ വിശേഷങ്ങള്‍?

ഒരുപാട് ബാന്റുകള്‍ വന്നത് നല്ലൊരു മാറ്റമാണ്. തൈക്കുടം ഒക്കെയാണെങ്കില്‍ ഇന്റര്‍നാഷണല്‍ ലെവലിലാണ് പോകുന്നത്. ബാന്റ് വേണമെന്നത് സ്വപ്‌നമായിരുന്നെങ്കിലും എന്റെ മടികാരണം തുടങ്ങാന്‍ ഏഴെട്ട് കൊല്ലമെടുത്തു. ഇപ്പോള്‍ ബാന്റ് ചെയ്യുന്നതെല്ലാം കവര്‍ സോംഗ്‌സാണ്. സ്വന്തം പാട്ടുകളുടെ വര്‍ക്ക് തുടങ്ങാനിരിക്കുന്നു. കീ ബോര്‍ഡിസ്റ്റ് റാല്‍ഫിന്‍, ഗിറ്റാറിസ്റ്റ് അശ്വിന്‍, ബേസ് ഗിറ്റാറിസ്റ്റ് സാമുവല്‍ ജേക്കബ്, ഡ്രമ്മര്‍ കിച്ചു എന്നിവരടങ്ങുന്നതാണ് ടീം. ഞാനാണ് പ്രധാനമായും പാടുന്നതെങ്കിലും സപ്പോര്‍ട്ട് ചെയ്യാന്‍ ഇടയ്ക്ക് ഗായകരെയും ഗസ്റ്റ് അപ്പിയറന്‍സിനും ആര്‍ടിസ്റ്റുകളെ വിളിയ്ക്കാറുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ എനിയ്ക്കിഷ്ടപ്പെട്ട പാട്ടുകളും, ആളുകള്‍ ഒരുപാടിഷ്ടപ്പെട്ട് കേട്ട് താലോലിച്ച് മറന്ന പാട്ടുകളെയും തിരിച്ചുകൊണ്ടു വരാനുള്ള ശ്രമമാണ് ഏക.

  • ദക്ഷിണേന്ത്യയിലെ ഒരുവിധം എല്ലാ സംഗീത സംവിധായകരുടെ കൂടെയും പാടിയിട്ടുണ്ട്. ആ അനുഭവങ്ങളെ കുറിച്ച്?

സംഗീത ജീവിതത്തിലെ ഇരുപതാം വര്‍ഷമാണിത്. അനുഭവങ്ങള്‍ തന്നെയാണ് വലിയ സമ്പാദ്യം. നമ്മളൊരിയ്ക്കലും കാണുമെന്ന് പോലും വിചാരിക്കാത്ത ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ബേണി ഇഗ്നേഷ്യസ് സാര്‍, വിദ്യാജി, ഇളയരാജ സാര്‍, എം ജയചന്ദ്രന്‍, ബിജിയേട്ടന്‍, ഗോപി, രാഹുല്‍, ദീപു ചേട്ടന്‍, ജാസിയേട്ടന്‍ ചെന്നൈയിലാണെങ്കില്‍ ശ്രീകാന്ത് ദേവ ഹിന്ദിയിലാണെങ്കില്‍ സുഹൈല്‍ സെന്‍, ശങ്കര്‍ എഹ്‌സന്‍ ലോയ്, ധനക്ഷ് ബാഗ്ജി ഇങ്ങനെ ഒട്ടുമിക്ക എല്ലാവരുടെ കൂടെയും വര്‍ക്ക് ചെയ്യാനുള്ള അവസരമുണ്ടായത് അനുഗ്രഹമായി കാണുന്നു.

  • പുതിയ ആല്‍ബങ്ങള്‍?

എനിയ്ക്ക് ഒഫീഷ്യല്‍ യൂട്യൂബ് ചാനലുണ്ട്. അതിലോരോന്നായി അപ്‌ലോഡ് ചെയ്ത് കൊണ്ടിരിയ്ക്കുന്നു. ഞാന്‍ ജാസ് പഠിച്ചിട്ടുണ്ട്. സന്തോഷേട്ടന്റെ കൂടെ ഒരു ജാസ് സോംഗ് ചെയ്തു. ഏകയുടെ മ്യൂസിക് മോജോ കുറേയെണ്ണം ചെയ്തു. പല സംഗീതവും മിക്‌സ് ചെയ്യുന്ന ട്രെന്റിനൊപ്പം കുറേ അങ്ങിനെയും ചെയ്തു കൊണ്ടിരിക്കുന്നു. ആളുകള്‍ കൂടുതലും ഇഷ്ടപ്പെടുന്നത് കേട്ട് മറന്ന പാട്ടുകള്‍ വീണ്ടും മാഷപ്പ് ചെയ്ത് ആസ്വദിയ്ക്കാനാണ്. അത്തരമൊരു മാഷപ്പിന്റെ എഡിറ്റിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.

  • പാടാനാണോ കംപോസ് ചെയ്യാനാണോ കൂടുതല്‍ താല്‍പര്യം?

എനിയ്ക്ക് എന്റെ ഇന്റിപ്പെന്റന്റ് മ്യൂസിക്ക് ആണ് കൂടുതല്‍ ഇഷ്ടം. അതില്‍ ഒരു ഫ്രീഡം ഉണ്ട്. എന്റെ വീഡിയോയില്‍ എനിയ്ക്ക് തന്നെ വരാനാണ് ഇഷ്ടം. അപ്പോള്‍ എന്ത് കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാത്തതെന്ന് ഒരുപാട് പേര്‍ ചോദിയ്ക്കാറുണ്ട്. വേറൊരാള്‍ പറഞ്ഞ് അഭിനയിക്കാന്‍ സത്യം പറഞ്ഞാല്‍ എനിയ്ക്ക് അറിയില്ല. അഭിനയം ഒട്ടും വരാത്ത ഒരാളാണ് ഞാന്‍. പക്ഷെ നമ്മുടെ വര്‍ക്കാകുമ്പോള്‍ അതില്‍ നമുക്ക് ഒരു ഐഡിയ ഉണ്ടാകും. എഴുതിയിരിക്കുന്നത് ഞാനാകുമ്പോള്‍ അത് ഏത് രീതിയില്‍ വരണമെന്നതിനേക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാകും.

  • റിയാലിറ്റി ഷോകളെ കുറിച്ചുള്ള അഭിപ്രായം?

ഒരുപാട് നല്ല കഴിവുള്ളവരെ പുറത്ത് കൊണ്ടുവരാന്‍ റിയാലിറ്റി ഷോകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതേസമയം ഒരുപരിധിയില്‍ കൂടുതല്‍ റിയാലിറ്റി ഷോ തൊഴിലാളിയായി നില്‍ക്കരുത്. നമ്മുടെ ടാലന്റ് ഷോകേസ് ചെയ്യാനുള്ള വേദി മാത്രമാണത്. ആ വേദിയില്‍ നിന്നും അടുത്ത സ്‌റ്റെപ്പിലേക്ക് മാറണം. റിയാലിറ്റി ഷോയില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും ഒരു വിഷയമല്ല. മുന്‍പ് ഒന്നാം സ്ഥാനം നേടിയ പലരേയും പിന്നീട് കണ്ടിട്ടില്ല. അതേ സമയം മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമെത്തിയ പലരും ഇന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. നമ്മള്‍ നമ്മുടെ കലയെ വിശ്വസിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ അവര്‍ക്ക് ആ സമയം വന്നിരിക്കും. അവിടെ എത്താതിരുന്നവരെല്ലാം തന്നെ ആ സമയത്തിന് മുന്‍പേ മതിയാക്കി പോയവരാണ് .

  • രഞ്ജിനി പാടിയതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പാട്ട്?

എല്ലാവരുടേയും പാട്ടുകള്‍ ആസ്വദിച്ചാണ് പാടിയിട്ടുള്ളത്. അയാള്‍ ഞാനല്ല എന്ന സിനിമയില്‍ മനു രമേശ് തന്ന ‘എന്നു കാണും ഞാന്‍’ എന്നൊരു പാട്ടുണ്ടായിരുന്നു. അത് മിക്‌സ് ചെയ്ത ചേതനയിലെ സീനിയര്‍ സൗണ്ട് എഞ്ചിനീയര്‍ അതെന്റെ ശബ്ദത്തിനനുസരിച്ചുള്ള പാട്ടാണെന്ന് പറഞ്ഞു. അത് ഞാന്‍ നന്നായി ആസ്വദിച്ച് ചെയ്ത ഗാനമാണ്. ഇളയരാജ സാറിന്റെ ‘അമ്മ എന്ന വാക്ക്’ എന്ന അര്‍ത്ഥവത്തായ ഗാനവും അതേ പോലെ ആസ്വദിച്ചാണ് ചെയ്തത്. അതേപോലെ ഞാന്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കാണ്. തുടക്കക്കാരിയെന്ന രീതിയില്‍ അതും വലിയൊരനുഗ്രഹമായി കാണുന്നു.

  • സ്റ്റേജ് പെര്‍ഫോമര്‍ എന്ന രീതിയില്‍ എനര്‍ജിയുടെ രഹസ്യമെന്താണ്?

രണ്ടുപേരടങ്ങുന്ന റൂമിലിരുന്നുള്ള റെക്കോര്‍ഡിംഗിനേക്കാള്‍ എനിയ്ക്ക് ലൈവ് സിങ്ങിംഗ് ആണ് കൂടുതല്‍ ഇഷ്ടം. ലൈവ് ഓഡിയന്‍സ്, ഓര്‍ക്കസ്ട്ര, പ്രേക്ഷകരുടെ പ്രതികരണം ഇതെല്ലാം ഞാന്‍ ആസ്വദിയ്ക്കുന്നു. റെക്കോര്‍ഡിന് പാടുന്നതിനേക്കാള്‍ ഫീലോട് കൂടെ പലപ്പോഴും വേദിയില്‍ നില്‍ക്കുമ്പോള്‍ പാടാന്‍ കഴിയാറുണ്ട്. എനിയ്ക്ക് തോന്നുന്നത് ചിലര്‍ക്ക് റെക്കോര്‍ഡിംഗ്, ചിലര്‍ക്ക് ലൈവ് സിങ്ങിംഗ് അതോരോരുത്തരുടേയും കംഫര്‍ട്ട് സോണ്‍ പോലെയിരിയ്ക്കും. പ്രളയത്തിന് ശേഷം വേദികളൊക്കെ സജീവമായി വരുന്നു.