
സിനിമാമേഖലയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി രമ്യ കൃഷ്ണൻ. ഇത് യാഥാർത്ഥ്യമാണെന്നും ആർക്കും ഇതിനെ നിഷേധിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ‘റോ ടോക്സ് വിത്ത് വികെ’ എന്ന പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ബലപ്രയോഗത്തിലൂടെയോ, സ്വമേധയാ ഉള്ളതുകൊണ്ടോ, യാദൃശ്ചികമായിട്ടോ സിനിമയിൽ കാസ്റ്റിങ് കൗച്ച് സംഭവിക്കുന്നുണ്ടെന്നും മുൻപും ഇത് നടന്നിട്ടുണ്ടെന്നും ഇനിയും ഇത് തുടരുമെന്നും രമ്യ കൃഷ്ണൻ പറഞ്ഞു. സിനിമ ഒരു ഗ്ലാമറസ് പ്രൊഫഷൻ ആയതുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ലിംഗഭേദമില്ലാതെ സമൂഹത്തിലെ എല്ലാ മേഖലകളിലും ഇത്തരം ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
സ്ത്രീകൾ ഏറെ പുരോഗമനം പ്രാപിച്ച അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നതിന് എപ്സ്റ്റീൻ ഫയലുകൾ ഉദാഹരണമായി അവർ എടുത്തുപറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ‘അതെ’ എന്നോ ‘അല്ല’ എന്നോ പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യവും അവസരവുമാണ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് പുറത്തുള്ള മറ്റ് തൊഴിലിടങ്ങളിലും എത്രയോ സ്ത്രീകൾ സമാനമായ അവസ്ഥകൾ നേരിടുന്നുണ്ടാകാമെന്നും രമ്യ കൃഷ്ണൻ കൂട്ടിച്ചേർത്തു.
രമ്യ കൃഷ്ണന്റെ വാക്കുകൾ
“എപ്സ്റ്റീൻ ഫയലുകൾ പരിശോധിച്ചു നോക്കൂ. സ്ത്രീകൾ ഏറെ പുരോഗമനപരമായി മുന്നിട്ടു നിൽക്കുന്ന അമേരിക്ക പോലൊരു സ്ഥലത്തു പോലും ഇങ്ങനെയൊന്ന് സംഭവിച്ചു. എന്നിട്ടും, അവർക്ക് ഇതുപോലൊരു സാഹചര്യം നേരിടേണ്ടി വന്നു. അതുകൊണ്ട്, ഇവിടെ ഇത് സംഭവിക്കുന്നില്ല എന്ന് നിങ്ങൾക്ക് പറയാനാകില്ല.
ഇത് സംഭവിക്കുന്നുണ്ട്, മുൻപും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കും. എന്നാൽ അത് എങ്ങനെ സംഭവിച്ചു എന്നതും, യെസ് അല്ലെങ്കിൽ നോ എന്നോ പറയാനുള്ള അവസരം നിങ്ങൾക്ക് കിട്ടിയിരുന്നോ എന്നതും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതാണ് ഇതിലെ യാഥാർത്ഥ്യം. ആരെങ്കിലും നിർബന്ധിച്ച് ചെയ്യുന്നതാണോ അല്ലെങ്കിൽ സ്വന്തം ഇഷ്ട പ്രകാരമണോ അതല്ലെങ്കിൽ യാദൃശ്ചികമായി സംഭവിച്ചതാണോ.
ഇത് സംഭവിക്കുന്നുണ്ട്, നടന്നുകൊണ്ടിരിക്കുകയാണ്. ആർക്കും ഇത് നിഷേധിക്കാനാകില്ല. കാരണം, ഞങ്ങളുടേത് ഒരു ഗ്ലാമറസ് പ്രൊഫഷൻ ആയതു കൊണ്ടാണ് ആളുകൾ ഇതേക്കുറിച്ച് സംസാരിക്കുന്നത്. സിനിമയ്ക്ക് പുറത്തുള്ള മേഖലകളിലും എത്രയോ സ്ത്രീകൾ ഇതേ അവസ്ഥ നേരിടുന്നുണ്ടാകാം ?. ലിംഗഭേദമില്ലാതെ എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്”.-