“ആളുകൾ പറഞ്ഞു ചിരിക്കുന്ന അവസ്ഥയിലേക്ക് അമ്മയുടെ കാര്യങ്ങൾ എത്തിക്കരുത്”; രമേശ് പിഷാരടി

','

' ); } ?>

താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിലും വിവാദങ്ങളിലും ഇടപെട്ട് നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി. സംഘടനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പരാതിക്കാരിയായ നടി അൻസിബ ഹസൻ, ആരോപണവിധേയനായ നടൻ ടിനി ടോം, സംഘടനയുടെ നിലവിലെ പ്രസിഡന്റ് ശ്വേത മേനോൻ എന്നിവരുമായി താൻ നേരിട്ട് സംസാരിച്ചുവെന്ന് രമേഷ് പിഷാരടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പൊതുസമൂഹത്തിന് മുന്നിൽ സംഘടനയെ ആളുകൾ പറഞ്ഞു ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കരുതെന്നും, എത്രയും പെട്ടെന്ന് ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും താൻ മൂവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ വഷളാകാതെ ഒത്തുതീർപ്പിലെത്തിക്കാനാണ് ജനപ്രതിനിധി കൂടിയായ താരം മധ്യസ്ഥശ്രമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

‘മുതിർന്ന അംഗങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ ആഭ്യന്തരമായ യോഗം വിളിച്ചുകൂട്ടി അതിൽ ഏറ്റവും ഉചിതമായ നീതി എന്താണോ അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റെസിഡന്റ്സ് അസോസിയേഷനിൽ ഉള്ളത്ര ആളുകളില്ലാത്ത സംഘടനയാണ് അമ്മ. കഷ്ട‌ിച്ച് 500 പേരുണ്ടാകും. എന്നാൽ സിനിമാ സംഘടന എന്ന നിലയിൽ വലിയ മാധ്യമശ്രദ്ധ അമ്മയ്ക്ക് ലഭിക്കുന്നുണ്ട്. ഇവിടെയുള്ള മറ്റേത് സംഘടനയിലും അംഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകും. പക്ഷേ ഇത്ര വലിയ മാധ്യമശ്രദ്ധയുള്ളതിനാൽ ആ സംഘടനകളിലെ ആളുകൾക്ക് ഇതുപോലെ കമൻ്റ് പറയേണ്ടി വരാറില്ല.’-രമേഷ് പിഷാരടി പറഞ്ഞു.

‘പൊതുജനങ്ങൾ ഇത്രയധികം ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് സംഘടയുടെ ആഭ്യന്തര കാര്യങ്ങളെ എത്തിക്കേണ്ടതില്ലായിരുന്നുവെന്നും അത് എത്രയും പെട്ടെന്ന് സംഘടനയുടെ അകത്ത് തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമായി ചർച്ച ചെയ്ത് തീർക്കാതെ ഡിജിറ്റൽ കണ്ടൻ്റായോ ആളുകൾക്ക് പറഞ്ഞ് ചിരിക്കാവുന്ന അവസ്ഥയിലേക്കോ എത്തിക്കേണ്ടതില്ല.’ -രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.