
താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. എന്നാൽ, ആവശ്യമെന്ന് ബോധ്യപ്പെടുന്ന ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഗൗരവമായി പരിശോധിച്ച് ഇടപെടുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇപ്പോൾ താരസംഘടനയ്ക്കുള്ളിലെ പ്രശ്‌നമായാണ് ഇത് മുന്നിൽ നിൽക്കുന്നതെന്നും സർക്കാരിലേക്ക് ഔദ്യോഗികമായി കാര്യങ്ങൾ എത്തിയിട്ടില്ലെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമുണ്ടെന്ന് സംഘടനയും കരുതുന്നില്ല. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള വാർത്തകളാണ് ശ്രദ്ധയിൽപ്പെട്ടതെന്നും പറഞ്ഞ അദ്ദേഹം, ആവശ്യമായ ഘട്ടമുണ്ടായാൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
‘അമ്മ’യിലെ പ്രശ്‌നങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നാണ് തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ പ്രതികരിച്ചത്. വിഷയത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ പരിശോധനകൾ നടത്തി സർക്കാർ ഇടപെടുമെന്നും ബിന്ദു കൃഷ്‌ണ മാധ്യമങ്ങളോട് വ്യക്തമാക്കി.