500 കോടി ബഡ്ജറ്റില്‍ രാമായണം സിനിമയാവുന്നു ; 3ഡി മികവില്‍

3ഡി മികവില്‍ ഭാരതത്തിന്റെ ഇതിഹാസ കാവ്യം രാമായണം സിനിമയാവാന്‍ ഒരുങ്ങുന്നു. 500 കോടി ബഡ്ജറ്റിലാണ് മൂന്ന് ഭാഷകളില്‍ മൂന്ന് ഭാഗങ്ങളായി വരുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. അഭിനേതാക്കള്‍ ആരെന്ന് ഇതുവരെ നിര്‍ണയിച്ചിട്ടില്ലെങ്കിലും പ്രമുഖ സംവിധായകരുടേയും വലിയ നിര്‍മാണക്കമ്പനികളുടേയും പേരാണ് രാമായണവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്നത്. ‘ദംഗല്‍’ സംവിധായകന്‍ നിതേഷ് തിവാരി, ‘മോം’ സിനിമയുടെ സംവിധായകന്‍ രവി ഉദ്യാവര്‍ എന്നിവരെയാണ് സംവിധായകരായി നിശ്ചയിച്ചിട്ടുള്ളത്. നിര്‍മ്മാതാക്കളായ അല്ലു അരവിന്ദും നമിത് മല്‍ഹോത്രയും മധു മന്തേനയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള താരങ്ങള്‍ പരിഗണനയിലുണ്ട്.

ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ വലിയൊരു പ്രൊജക്ടാണ് രാമായണത്തെ ആസ്പദമാക്കി അണിയറില്‍ ഒരുങ്ങുന്നത്. രാമായണത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇത്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2021 ല്‍ ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി 1000 കോടി മുതല്‍ മുടക്കില്‍ മഹാഭാരതം എന്ന സിനിമ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് വര്‍ഷമായിട്ടും ചിത്രം നടക്കാതിരുന്നതിനെ തുടര്‍ന്ന് എഴുത്തുകാരനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍ നായര്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു.