അരങ്ങിലും വെള്ളിത്തിരയിലും ‘സുവീരന്‍’…

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് കോഴിക്കോട് അഴിയൂര്‍കാരനായ കെ പി സുവീരന്‍. ലിപിയില്ലാത്ത പ്രാദേശിക ഭാഷയില്‍ നിര്‍മ്മിച്ച ബ്യാരിയിലൂടെ 2011 ലാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സുവീരന് ലഭിച്ചത്. കേരളത്തിലെയും കര്‍ണ്ണാടകയിലെയും മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന ഇദ്ദത്ത്, തലാഖ്് എന്നീ ദുരാചാരങ്ങള്‍ക്കെതിരെയാണ 100 മിനുറ്റ് ദൈര്‍ഘ്യമുള്ള ബ്യാരി ശബ്ദിച്ചത്. അരങ്ങിന്റെ കരുത്തുമായാണ് സുവീരന്‍ സിനിമ ലോകത്തേക്കെത്തുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും തന്റെ ആദ്യ പഠനവും പിന്നീട് ത്രിച്ചൂര്‍ കോളേജില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ തന്റെ രണ്ടാം പഠനവും പൂര്‍ത്തിയാക്കിയ സുവീരന്റെ നാടകങ്ങള്‍ കേരളലത്തിലും വിദേശങ്ങളിലും ഏറെ നിരൂപക പ്രശംസ നേയിയിട്ടുണ്ട് . നടന്‍, ചിത്രകാരന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം അടയാളപ്പെടുത്തിയ സുവീരന്റെ രണ്ടാമത്തെ ചിത്രമായ ‘മഴയത്ത്’ വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്തത്. മുകേഷും മേതില്‍ ദേവികയും അഭിനയിച്ച നാഗ, മണികണ്ഠന്‍ ആര്‍ ആചാരി വേഷമിട്ട ഭാസ്‌കരപ്പട്ടേലും തൊമ്മിയുടെ ജീവിതവും അരങ്ങിലും പുതുപരീക്ഷണങ്ങളിലാണ് സുവീരന്‍. മോഹന്‍ലാല്‍ നായകനാകുന്ന നാടകവും സുവീരന്റെ സംവിധാനത്തില്‍ വരാനിരിക്കുന്നു…നാടകം, സിനിമ ഇവയെകുറിച്ചെല്ലാം സുവീരന്‍ മനസ്സ് തുറക്കുന്നു.

.നാടക വിശേഷങ്ങള്‍

തൊമ്മിയും മക്കളും എന്ന നാടകമാണ് അവസാനമായി നല്ല രീതിയില്‍ കളിച്ചത്. നമ്മള്‍ക്കെല്ലാം അറിയുന്ന പ്രശസ്ത നാടകകൃത്ത് സക്കറിയയുടെ ‘തൊമ്മിയും മക്കളും’ എന്ന ചെറിയ നോവലറ്റിന്റെ നാടക ആവിഷ്‌കാരമാണ്. മുമ്പ് കളിച്ചിട്ടൊക്കെയുണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ്, കഥാപാത്രങ്ങളാണ്, കഥയാണ്. നമുക്കറിയാം പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ‘വിധേയന്‍’ എന്ന് പറയുന്ന സിനിമയുണ്ടാക്കിയിട്ടുണ്ട്. അതേ സമയത്ത് ഞാനും 96 കാലത്ത് നാടകമായിട്ട് ചെയ്തിട്ടുണ്ട്. സക്കറിയ സാര്‍ അത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതൊരു പുതിയ വേര്‍ഷനാണ്. ഇപ്പോള്‍ തന്നെ കുറേ നാളായി നാടകം ചെയ്യാതിരുന്നിട്ട്. ‘ആയുസ്സിന്റെ പുസ്തകം’ തന്നെ പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആകെ ചെയ്ത ഒരു നാടകമാണ്. പിന്നെ അതിലും വലിയൊരു സെറ്റപ്പ് എന്ന് പറയുന്നത് മുകേഷും മേതില്‍ ദേവികയുമൊക്കെയായി ചെയ്തിട്ടുള്ളതാണ്. അത് കഴിഞ്ഞാല്‍ പിന്നെ മറ്റു നാടകങ്ങളൊന്നും കേരളത്തില്‍ ചെയ്തിട്ടില്ല. ചെയ്തതെല്ലാം വിദേശത്താണ്. നമ്മുടെ ബ്രെഡ് ആന്‍ഡ് ബട്ടര്‍..(ചിരിക്കുന്നു) അപ്പോളങ്ങനെ എല്ലാ വര്‍ഷവും പുറത്ത് ഓരോ നാടകം ചെയ്യും. ഈ വര്‍ഷം ‘ഭാസ്‌കരപ്പട്ടേലും തൊമ്മിയുടെ ജീവിതവും’ ചെയ്തു. സിനിമയൊക്കെ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ച് വയ്ക്കാം. അതിലൊരു മെക്കാനിക്കല്‍ റീപ്രൊഡക്ഷനുണ്ട്. നാടകം അതത് സമയത്ത്, അതത് സ്ഥലത്തുള്ള കാണികളുമായി സംവദിച്ചിട്ടില്ലെങ്കില്‍ നമ്മുടെ എല്ലാ പണിയും വെയ്സ്റ്റാണ്. എന്നുവെച്ച് അത് ഇന്ററസ്റ്റിങ്ങാക്കണം, കൊമേര്‍ഷ്യലാക്കണം എന്നല്ല ഉദ്ദേശിച്ചത്. ഏത് കണ്ടന്റാണെങ്കിലും ആ സമയത്ത് കമ്യൂണിക്കേഷന്‍ കംപ്ലീറ്റാവണം. അത് നാടകത്തിന് മാത്രമുള്ള ഒരു നിബന്ധനയാണ്. നാടകം കളിക്കുന്ന സമയത്ത് നടന്‍ മരിച്ചുപോകുന്നതോടെ ആ നാടകം കഴിഞ്ഞു. പിന്നെ ഒരിക്കലും ആ കഥാപാത്രമില്ല. വേറൊരാള്‍ ചെയ്യുന്നത്, വേറൊരു നാടകമാണ്. യു എ ഇയില്‍ വെച്ച് ഞാന്‍ ഈ നാടകം ചെയ്തു. അത് വളരെയേറെ കമ്യൂണിക്കേറ്റ് ചെയ്യാനും തുടങ്ങി. എന്നെ വിസ്മയപ്പെടുത്തിക്കൊണ്ട് തന്നെ അതിന് വല്ലാത്തൊരു വിജയം, ഒരു കംപ്ലീറ്റ്‌നെസ് തോന്നി. ഞാന്‍ വളരെ വലിയ നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും നമ്മള്‍ എപ്പോഴും അസംതൃപ്തരായിരിക്കും. അടുത്ത സ്റ്റേജിലേക്ക് നമുക്കത് പെര്‍ഫെക്ടാക്കണം. അത് അഭിനയക്കുമ്പോള്‍ സംഭവിക്കുന്നതാണ്. അത് ഇന്നലെ ഉള്ള പോലെയോ, നാളെയെ പോലെയോ ആയിരിക്കില്ല. വരാന്‍ പോകുന്നതിന് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു.

.എങ്ങനെയാണ് ഒരു തവണ അവതരിപ്പിച്ച വിഷയങ്ങള്‍ വീണ്ടും ചെയ്യുന്നത് ?

എന്റെ മിക്കവാറും നാടകങ്ങളിലും ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ചിലര്‍ അതിന്റെ പേരില്‍ എന്നെ പഴഞ്ചനെന്നും വിളിക്കാറുണ്ട്(പുഞ്ചിരി). എന്റെ ഭരതവാക്യം, അതുപോലെ ചക്രം, ആയുസ്സിന്റെ പുസ്തകം, അതുപോലെ പുതിയ പല നാടകങ്ങളും ഈ പുതിയ കാലത്ത് ഞാന്‍ വീണ്ടും ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് സക്കറിയയുടെഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന് പറയുന്ന നോവലൊക്കെ എക്കാലത്തും നിലനില്‍ക്കും. അതൊരു പ്രത്യേക കാലത്തേക്കുള്ളതല്ല യൂണിവേഴ്‌സലാണ്. ഞങ്ങളുടെ അവതരണമാണ് മാറുന്നത്. പിന്നെ ഇപ്പോഴത്തെ നാടകത്തിന്റെ രൂപത്തിലും കുറേ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ചെയ്യാന്‍ പാടില്ലെന്ന് പണ്ട് പറഞ്ഞ കാര്യങ്ങളിലാണ് ഞാനധികവും പരീക്ഷിക്കുന്നത്. നമ്മള്‍ സ്‌കൂളിലുണ്ടായിരുന്ന സമയത്ത് തീ, വെള്ളം, ഭോഗം എന്നിവയൊക്കെ സ്‌റ്റേജില്‍ നിന്നും ഒഴിവാക്കണം എന്നായിരുന്നു പഠിപ്പിച്ചത്. പക്ഷെ ഞാന്‍ ആദ്യം വന്ന ദിനം തന്നെ സ്‌റ്റേജ് മൊത്തം എങ്ങനെ തീ അവതരിപ്പിക്കാം എന്നായിരുന്നു ആലോചിച്ചത്. (ചിരിക്കുന്നു)… ഈ നാടകത്തില്‍ തന്നെ വളരെ എടുത്ത് നില്‍ക്കുന്ന ഒരു രംഗമുണ്ട്, ‘തൊമ്മി’ എന്ന കഥാപാത്രം ഓടിക്കൊണ്ടേയിരിക്കുന്ന രംഗം. ഒരു നാടകത്തിന്റെ ചെറിയ വേദിയില്‍ നിന്ന് അയാള്‍ക്ക് എത്ര ദൂരം ഓടാന്‍ കഴിയും. അങ്ങനെയൊക്കെയുള്ള പുതിയ ഒരു ഭാഷ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നും മുമ്പ് ചെയ്യുമ്പോള്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പിന്നെ കാലത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മള്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അത് നമ്മളെത്തന്നെയാണ് അത്യന്തികം ബാധിക്കുക. നമ്മള്‍ ആ സാഹചര്യങ്ങളില്‍ വിട്ടു നിന്നാല്‍ അപ്പോഴേക്കും നമ്മുടെ തൊട്ടടുത്തുള്ള മതിലുകളൊക്കെ വലുതായിക്കൊണ്ടിരിക്കുന്നുണ്ടാവും. നാടകമൊക്കെ കുറച്ച് ഉത്തരവാദിത്തത്തോടുംകൂടി അവതരിപ്പിക്കേണ്ട ഒരു സമയമാണ് ഇപ്പോള്‍.

.എങ്ങനെയാണ് മണികണ്ഠന്‍ എന്ന നടനിലേക്കെത്തിയത്..?

തൊമ്മിയാരാണെന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്ന മുഖങ്ങളിലൊന്നാണ് മണികണ്ഠന്‍. മണികണ്ഠന്‍ തീയേറ്ററില്‍ എക്കാലത്തും സജീവമാണ്. സിനിമപ്രവര്‍ത്തനം നടത്തുന്നതിന് മുമ്പും അതേ. ഈയടുത്തൊരു നാടകം ചെയ്ത് കഴിഞ്ഞതേയുള്ളു. അദ്ദേഹത്തിന്റെ സമര്‍പ്പര്‍പ്പണ ബോധവും അതുപോലെയാണ്. ഈ നാടകത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ഭാഗ്യമാണ്.

.സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി നാടകങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭാഗത്ത്് നിന്നും കൂടുതല്‍ സ്വീകരിക്കപെടാറുണ്ടോ…?

ഞാന്‍ ഇവരെയൊക്കെ ഒരുപാട് അണ്ടറെസ്റ്റിമേറ്റ് ചെയ്തിട്ടുണ്ട്. മുകേഷിനെയൊക്കെ വെച്ച് ഞാന്‍ നാടകം ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം അത്രയും പാകപ്പെട്ട ലളിതമായ രീതിയിലാണ് അവരെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നുള്ളതാണ് കാര്യം. സാധാരണ ഗതിയില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ വഴങ്ങുന്ന ഒരാക്ടറാണ് അദ്ദേഹം. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് ”ഇവരൊക്കെ ഇങ്ങനെയാണ് വലിയവരാവുന്നതല്ലേ” എന്ന്. നമ്മള്‍ക്കൊന്നും അങ്ങനെയുള്ള ഒരു ക്വാളിറ്റിയില്ല. ഒരു ഉദാത്തമായ കാര്യം ചെയ്യുന്ന അതേ രീതിയില്‍ വലിയ ബുദ്ധിമുട്ടുകളൊക്കെ അനുഭവിച്ച് ചെയ്യുന്നതാണ് അതൊക്കെ. നമ്മള്‍ തൊഴുത് പോകും. നമ്മള്‍ തിയേറ്റര്‍ പേഴ്‌സണ്‍സിന്റെ കാര്യത്തിലൊന്നും അതില്ല. അവരുടെ കഥാപാത്രത്തെയൊക്കെ അവരങ്ങ് സെല്‍ഫ് സ്റ്റഡി ചെയ്യുകയാണ്. ഏത് ഭാഗത്താണ് ശരിയാവാത്തത്, ക്ലാരിറ്റി വരാത്തത് എന്ന് അവര്‍ തന്നെ കണ്ടെത്തി സെല്‍ഫ് സ്റ്റഡി ചെയ്യുകയാണ്. നമ്മുടെ ഒരു സജഷന്‍ വരുമ്പോഴേക്കും അവരത് കണ്ടെത്തി വര്‍ക്ക് ചെയ്ത് തീര്‍ക്കുകയാണ്. ഒരു തവണ അവരെ കിട്ടി ശീലിച്ച് പോയാല്‍ പിന്നെ അവര്‍ തന്നെ വേണ്ടി വരും.

. ഈയൊരു സംരംഭം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത് ?

നിരവധി വേദികളില്‍ ഇപ്പോള്‍ തന്നെ ഈ നാടകം കളിക്കുന്നുണ്ട്. പയ്യന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, മേപ്പയ്യൂര്‍, തൃശ്ശൂര്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ കളിക്കാനുള്ള പ്ലാനും ആയിട്ടുണ്ട്. തിരുവനന്തപുരത്തൊക്കെ ചര്‍ച്ച നടക്കുന്നു. ഇതൊന്നും ഡെയ്റ്റ് തീരുമാനിച്ചിട്ടില്ല. ഇതില്‍ ദുബായില്‍ നിന്നും മറ്റുമുള്ള ആര്‍ട്ടിസ്റ്റുകളും മറ്റുമൊക്കെയുണ്ട്. പരമാവധി ബോംബെ, ഡെല്‍ഹി, കല്‍ക്കട്ട പോലെയുള്ള മറ്റു ഫെസ്റ്റിവലുകളിലേക്കൊക്കെ നാടകം അയക്കുന്നുണ്ട്. ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍സും ഒരുപാടുണ്ട്. ഇന്ത്യക്ക് പുറത്തുമൊക്കെയായിട്ട്. അവിടെയൊക്കെ നമ്മള്‍ ഇടപെടുന്നുണ്ട്. അവര്‍ക്ക് ഇവാലുവേറ്റ് ചെയ്യാനായി സിഡി ഒക്കെ അയച്ച് കൊടുക്കേണ്ടതുണ്ട്.

.കേരളത്തില്‍ നാടകം അവതരിപ്പിക്കുമ്പോഴാണോ പുറത്ത് അവതരിപ്പിക്കുമ്പോഴാണോ കൂടുതല്‍ താല്‍പ്പര്യം…?

രണ്ടും രണ്ട് രീതിയാണ്. കേരളത്തിലെ തിയേറ്ററുകളൊന്നും പഴയ പോലെയല്ല. പണ്ട് ആളുകളൊക്കെ വന്ന്, അവിടെ തന്നെ നിന്ന് കഞ്ഞിയൊക്കെ വെച്ച് കുടിച്ച് ഒരു തരം ഫാമിലിയെപ്പോലെ നില്‍ക്കുകയായിരുന്നു. ഇന്ന് അതൊക്കെ മാറി. നമ്മള്‍ ഇത് ചെയ്യുന്നത് ഒരു ഇന്‍ഡസ്ട്രി രീതിയിലുള്ള ഒരു പ്രൊഡക്ഷനാണ്. പണ്ട് അതൊക്കെ ഒരു ജനകീയ കൂട്ടായ്മയായിരുന്നു. നാട്ടിലൊക്കെ ആളുകളുടെ ഒരു പങ്കാളിത്തമുണ്ടായിരുന്നു. ദുബായിലൊക്കെ പോയി നമ്മള്‍ നാടകം ചെയ്യാനുള്ള പ്രധാന കാരണം, അതിന്റെ റെമ്യൂണറേഷന്‍ തന്നെയാണ്. അപ്പോള്‍ ഒരു വര്‍ഷം ജീവിക്കാനുള്ള തുക അതില്‍ നിന്നും കിട്ടും. അതൊരു വലിയ കാര്യമാണ്. അതുകൊണ്ട് ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ നാടക മത്സരം നടക്കുന്നത് യു എ ഇയിലെ ഭരത് ഗോപി നാടകോത്സവമാണ്. അല്ലാതെ ഇവിടത്തെ സംഗീത നാടക മത്സരമൊന്നുമല്ല (ചിരിക്കുന്നു).. അതുകൊണ്ട് തന്നെ ഇവിടത്തെ ഏറ്റവും മികച്ച സംവിധായകര്‍ മുഴുവന്‍ ആ സമയത്ത് അവിടെ പോയി തമ്പടിക്കുകയാണ്. അപ്പോള്‍ ഒരുപാട് ആള്‍ക്കാര്‍ക്ക് ജോലി കൂടെയുണ്ടാകുന്നു. അവര്‍ക്ക് ഇവിടത്തെപ്പോലെ സമയം കിട്ടില്ല. കാരണം നമ്മുക്ക് ഇവിടെ ലീവെടുക്കാം, ആളുകള്‍ക്ക് തോന്ന്യാസം കളിക്കാം, കൈക്കൂലി വാങ്ങാം, ജോലി ചെയ്യാതിരിക്കാം, സര്‍ക്കാര്‍ ഓഫീസില്‍ പോയി കള്ള ഒപ്പിടാം., അങ്ങനെ എന്തൊക്കെയോ ചെയ്യാം. അതൊന്നും അവിടെ നടക്കില്ലല്ലോ. അവര്‍ കൃത്യമായി ജോലിക്ക് പോകും. അതുകൊണ്ട് തന്നെ ബാക്കി സമയങ്ങളിലാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്. എന്നാലും ഇവിടെയുള്ള അത്ര റിസ്‌ക് എനിക്ക് തോന്നിയിട്ടില്ല അവിടെച്ചന്നപ്പോള്‍. കാരണം ബാക്കിയെല്ലാം അവര്‍ ചെയ്യുന്നുണ്ട്. നമ്മള്‍ സംവിധാനം ചെയ്താല്‍ മാത്രം മതി. എന്താണ് വേണ്ടതെന്നു വച്ചാല്‍ അത് ഓര്‍ഡര്‍ ചെയ്യും, അതിന്റെ ടെക്‌നീഷ്യന്‍സ് വരും അവര്‍ മെയ്ക്ക് ചെയ്യും, പോകും. ഒരു ഇന്റര്‍നാഷണല്‍ ഹബ്ബാണ്. അവിടെത്തന്നെ നാട്ടില്‍ പത്തു ലക്ഷം രൂപ നിത്യേന കൊടുക്കാന്‍ സൗകര്യങ്ങളുള്ള വിധം വലിയ തീയേറ്ററുകളും ഉണ്ട്. അവിടെ ഇംഗ്ലിഷ് നാടകങ്ങളാണ് കളിക്കുന്നത്. പക്ഷെ അവിടുത്തെ മലയാളികള്‍ക്ക് എന്തുകൊണ്ടോ നൊസ്റ്റാള്‍ജിക്കായി മാറി ഇതൊരു വലിയ ഉത്സവമായി മാറിയിട്ടുണ്ട്. കാരണം നവംബര്‍ മുതല്‍ മത്സരം അങ്ങ് ചൂടുപിടിച്ചിട്ട് അത് കൊടുംപിരി കൊണ്ടിരിക്കുകയാണ്. പിന്നെ കുറച്ചു നാളത്തേക്ക് നാടകത്തിനേക്കുറിച്ച് മാത്രമേ അവര്‍ക്ക് സംസാരിക്കാനുള്ളൂ. നവംബര്‍ മുതല്‍ ആളുകള്‍ ഇതിനായി തയ്യാറാറാകും. പിന്നീട് ഭയങ്കരമായ വാശിയോടെയുള്ള മത്സരമാണ്.

.ബ്യാരിക്ക് ശേഷം ചെയ്ത ചിത്രമാണ് മഴയത്ത്..? എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്…?

മഴയത്ത് ഈ പറഞ്ഞപോലെ കുറേ കാലം മുമ്പേ എഴുതാന്‍ ശ്രമിച്ച് രൂപപ്പെട്ട് അങ്ങനെ വന്ന ഒരു കഥയാണ്. ഇപ്പോഴും അത് ഇന്റര്‍നാഷണല്‍ വേദികളിലൊക്കെ അവാര്‍ഡ് നേടി മുന്നോട്ട് പോകുകയാണ്. മഴയത്ത് വളരെ ഇമ്മീഡിയറ്റായി ഉണ്ടായ ഒരു സിനിമയാണ്. അതിന്റെ പ്രൊഡ്യൂസര്‍ക്ക് ഉടനെ തന്നെ ചിത്രം അംഗീകരിക്കുകയും അവര്‍ക്ക് അതിന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു പ്രൊജക്ട് ഉണ്ടായിരുന്നത് ചെയ്യണമെന്നും ഉണ്ടായിരുന്നു. നമ്മള്‍ ഒരു ധൃതിയില്‍ ചെയ്ത് വരുമ്പോള്‍ ഉണ്ടാവുന്ന കുറേ പ്രശ്‌നങ്ങള്‍ കാരണം അത് അത്രക്ക് കംപ്ലീറ്റായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലൊരു വര്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അതിന്റെ ക്ലൈമാക്‌സിലൊക്കെ ഒരുപാട് ആശയക്കുഴപ്പങ്ങള്‍ വന്നു. അതാണ് അതിന്റെ യതാര്‍ത്ഥ പ്രോബ്ലം. നമ്മളിട്ട ഷെഡ്യൂളില്‍ ആ പടം ഷൂട്ട് ചെയ്ത് തീര്‍ത്ത് അതില്‍ വെച്ച് പരിഹരിക്കുകയായിരുന്നു. അതിന്റെ ക്ലൈമാക്‌സ് ഒരു ഇന്‍കംപ്ലീറ്റായാണ് ആളുകള്‍ എടുത്തത്. യതാര്‍ത്ഥത്തില്‍ അത് ഇന്‍ കംപ്ലീറ്റില്ല. ഒരു കംപ്ലീറ്റ് ഫോം അതിന് വേണമെങ്കില്‍ കൊടുക്കാം. തെറ്റൊന്നുമില്ല അതുകൊണ്ട്.

.ബ്യാരിയും മഴയത്തും പോലെയുള്ള ലോ ബഡ്ജറ്റ് സിനിമകളെ സര്‍ക്കാര്‍ പ്രേത്സാഹിപ്പിക്കേണ്ടതുണ്ടോ…?

വലിയ പണം മുടക്കി കച്ചവട ഉദ്ദേശത്തോടെ ചെയ്യുന്ന സിനിമകളെ പോലെയാവില്ല ചില ചിത്രങ്ങള്‍. അതങ്ങനെ ജനകീയമായിക്കോളണം എന്ന് നമ്മള്‍ വാശി പിടിക്കേണ്ട കാര്യമില്ല. അതങ്ങനെ ഇതിങ്ങനെ എന്നൊക്കെ തന്നെ കാണണം. അതിനൊരു നിലനില്‍ക്കാനുള്ള കളം അതിനോടൊപ്പമുണ്ട്. ആ കളത്തില്‍ അത് നില്‍ക്കുന്നുണ്ടല്ലോ എന്നുള്ളതാണ് ഞാന്‍ പറയുന്നത്. അതിനിത്ര റീച്ച് വേണമെന്നില്ലല്ലോ, നൂറുകോടി ചിലവഴിച്ച ഒരു വര്‍ക്കും അല്ലാത്ത വര്‍ക്കും തമ്മില്‍ എന്തായാലും അന്തരമുണ്ടല്ലോ.. അത് അങ്ങനെ തന്നെയേ പ്ലെയ്‌സ് ചെയ്യപ്പെടുകയുള്ളു. അതിന് നമ്മള്‍ ജനങ്ങളതേറ്റെടുക്കണം, അല്ലെങ്കില്‍ സര്‍ക്കാര്‍ അതേറ്റെടുക്കണം എന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. ദേശീയ അവാര്‍ഡ് കിട്ടിയ സിനിമ ബ്യാരി വന്നപ്പോള്‍ ജഗതിച്ചേട്ടന്‍ യാദൃശ്ചികമായിട്ട് നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു : ”നിങ്ങളുടെ സിനിമ എങ്ങനെ കാണും? ” ഞാന്‍ പറഞ്ഞു ”ഞാന്‍ ഒരു സിഡി അയച്ച് തരാം.” അദ്ദേഹം പറഞ്ഞു : ”ഞാന്‍ സിഡിയിലൊന്നും കാണില്ല, ടിവിയിലൊന്നും എനിക്ക് കാണേണ്ട, സിനിമ തിയേറ്ററില്‍ ഇരുന്ന് കാണണം, ദേശീയ അവാര്‍ഡ് കിട്ടിയ ഒരു സിനിമ തിയേറ്ററിലിരുന്ന് കാണണം, അതിന് സൗകര്യം ഉണ്ടെങ്കില്‍ പറ” ഞാന്‍ കൈമലര്‍ത്തി’. അപ്പോള്‍ അദ്ദേഹം വിരല്‍ ചൂണ്ടിക്കൊണ്ട് എന്നോട് പറഞ്ഞു. ”ഇപ്പോള്‍ മൈക്ക് നിങ്ങളുടെ കയ്യിലാണ്. അതുകൊണ്ട് ഇത് കിട്ടുന്ന വേദികളിലൊക്കെ പറഞ്ഞേക്കണം. നിങ്ങള്‍ നല്ല സിനിമയെന്ന് ആരോപിക്കുന്ന സിനിമകളല്ല, സര്‍ക്കാര്‍ നല്ല സിനിമകള്‍ എന്ന് തെരഞ്ഞെടുക്കുന്ന സിനിമകളെങ്കിലും പ്രദര്‍ശപ്പിക്കാനുള്ള ഒരു വഴി ഉണ്ടാക്കണമെന്ന്. ” അന്ന് ഇത് പറഞ്ഞ ആ പോക്കിലാണ് അദ്ദേഹം ആക്‌സിഡന്റയത്. അതുകൊണ്ട് തന്നെ അവാര്‍ഡ് കിട്ടിയ സ്വീകരണങ്ങളിലൊക്കെ ജഗതിച്ചേട്ടന്റെ കഥയാണ് പറഞ്ഞിരുന്നത്. പറയുമ്പോള്‍ ന്യായമുണ്ടെന്ന് തോന്നും. പക്ഷെ അപ്പോഴും നല്ലതും ചീത്തതും എങ്ങനെയാണ് നിര്‍ണയിക്കുക.

. പുതിയ പ്രൊജക്ടിനെക്കുറിച്ച്…?

പുതിയ പ്രൊജക്ട് ഉടനേയുള്ളത് മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ അഭിനയിക്കുന്ന നാടകം. അവര്‍ക്കായി ഒരു പ്ലേ തന്നെ എടുത്തിട്ട് നമ്മള്‍ മാറ്റിയെഴുതുകയായിരുന്നു. പക്ഷെ അതൊരു ഫൈനല്‍ സ്‌ക്രിപ്റ്റായി തെരഞ്ഞെടുത്തിട്ടില്ല. സത്യത്തില്‍ ഞാന്‍ ആലോചിച്ചത് മോഹന്‍ ലാലിന് ദുര്യോധനന്‍ പ്രധാന കഥാപാത്രമായി വരുന്ന ഒരു പ്ലേ ആയിരുന്നു. പക്ഷെ അതിന് വലിയ ഒരു ക്യാന്‍വാസും ഒരുപാട് ആളുകളുമൊക്കെ വേണ്ടി വരും. ഇതൊരു അടക്കമുള്ള ഒരു പ്ലേയാണ്. മോഹന്‍ ലാലും മുകേഷും കുറച്ച് ലേഡി ക്യരക്ടേഴ്‌സുമൊക്കെയായി, ദൂരദേശങ്ങളിലും കളിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു കയ്യടക്കമുള്ള പ്ലേയായിട്ടാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുന്നേയുള്ളു. പ്രഖ്യാപനമുണ്ടാകും.