‘കങ്കണയെ ഇഷ്ടമല്ലാത്തവര്‍ ഹിന്ദുത്വത്തെ വെറുക്കുന്നവരും പാക്കിസ്താന്‍ സ്‌നേഹികളുമാണ്’-രംഗോലി

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിക്കുന്നവര്‍ പ്രത്യേക അജണ്ടയുള്ളവരാണെന്ന് സഹോദരിയും മാനേജരുമായ രംഗോലി. ട്വിറ്ററിലൂടെയാണ് രംഗോലിയുടെ വെളിപ്പെടുത്തല്‍.

കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും.അക്രമണസ്വഭാവമുള്ളവരുമായിരിക്കും എന്നാണ് രംഗോലി ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഈ പ്രത്യേകതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് കങ്കണ പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മോദിയെപ്പോലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ വിജയമാണെന്നും കങ്കണ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില്‍ കങ്കണയ്ക്ക് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.