കങ്കണയുടെ അഭിനയത്തിനെ പ്രശംസിച്ച് റാം ഗോപാല്‍ വര്‍മ്മ.കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ കങ്കണയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. തലൈവി ട്രെയിലറിന് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു.
‘ചില കാര്യങ്ങളില്‍ എനിക്ക് നിങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ തലൈവി ട്രെയിലറിലെ പ്രകടനത്തിന് നിങ്ങള്‍ക്ക് ഒരു സല്യൂട്ട് തന്നെ പറ്റു. ട്രെയിലര്‍ വളരെ നല്ലതായയിരുന്നു. ജയലളിത സ്വര്‍ഗത്തില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുമെന്നതില്‍ സംശയമില്ല.’എന്നാണ് രാം ഗോപാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പിന്നീട് കങ്കണ ട്വീറ്റിന് മറുപടിയുമായി വന്നു,
റാം ഗോപാല്‍ വര്‍മ്മ സര്‍, എനിക്ക് നിങ്ങളുമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല. എനിക്ക് നിങ്ങളെയും നിങ്ങളുടെ കഴിവിനെയും ഇഷ്ടമാണ്. ഭയങ്കരമായ സീരീയസ് വ്യക്തികള്‍ക്കിടയിലാണ് നമ്മള്‍ ഉള്ളത്. അവര്‍ക്ക് ഞാന്‍ എന്തെങ്കിലും പറയുമ്പോഴേക്കും അഭിമാനക്ഷതം സംഭവിക്കുന്നു. നിങ്ങള്‍ അങ്ങനെയല്ല എന്നതില്‍ സന്തോഷമുണ്ട്. താങ്കളുടെ അഭിനന്ദനത്തിന് നന്ദിയെന്നും കങ്കണ കുറിച്ചു
കങ്കണയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു തലൈവിയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയായ ജയലളിതയായാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം
2021 ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.