
സംവിധായകൻ രാജസേനൻ അടുത്തിടെ പങ്കുവെച്ച വെളിപ്പെടുത്തലിലൂടെ മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസിൻ്റെ അധികമാരും അറിയാത്ത മറ്റൊരു വശം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്. കരിയറിൽ അത്രയും ഉന്നതിയിൽ നിൽക്കുമ്പോഴും നമ്മൾ കണ്ടിട്ടുള്ളത് വളരെ സൗമ്യനായ ഒരു താരത്തെയാണ്. നിരവധി കോമഡി റോളുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും, ഇപ്പോൾ സീരിയസ് വേഷങ്ങളിലൂടെ നമ്മളെ ഞെട്ടിക്കുകയും ചെയ്യുന്ന ഇന്ദ്രൻസിന് എന്നാൽ മറ്റൊരു മുഖം കൂടി ഉണ്ടെന്നാണ് രാജസേനൻ പറയുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ള അദ്ദേഹത്തിൻ്റെ ഓഫ് സ്ക്രീൻ വിഡിയോകളിൽ കാണുന്ന ശാന്തപ്രകൃതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വശമാണിത്.
“അയാളുടെ ഏത് കാര്യവും ശ്രദ്ധിക്കുന്നൊരാളാണ് ഞാന്‍. അദ്ദേഹത്തിന്‍റെ വിനയം കാപട്യമാണെന്ന് പറഞ്ഞപ്പോള്‍ അതിന് മറുപടി കൊടുത്തത് ഞാനാണ്. എത്ര വര്‍ഷമായി നേരിട്ട് കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍. ‘കടിഞ്ഞൂല്‍ കല്യാണം’ സിനിമ മുതല്‍ എനിക്ക് പുള്ളിയെ പരിചയമുണ്ട്. ആ സമയത്ത് കോസ്റ്റ്യൂം ബോക്സിന്‍റെ പുറത്ത് ഊണും കഴിഞ്ഞിട്ട് വന്ന് ട പോലെ കിടന്നുറങ്ങുന്ന ഇന്ദ്രന്‍ ഇന്നും അത് തന്നെയാണ്. അങ്ങേര്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. സ്റ്റേറ്റ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഇദ്ദേഹത്തിന്‍റെ വിനയത്തെ കളിയാക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ വേറൊരു മുഖം അറിഞ്ഞൂടാ. ദേഷ്യം വന്നാല്‍.. നന്നായിട്ട് ഫയര്‍ ചെയ്യുന്ന ആളാണ്. അയാളെ ഇട്ട് ചൊറിഞ്ഞ് കഴിഞ്ഞാല്‍ ഭയങ്കരമായിട്ട് ദേഷ്യം വരും.” രാജസേനൻ പറഞ്ഞു.
“അപ്പോള്‍ തന്നെ മനസിലായില്ലേ ആ വിനയം സത്യസന്ധമാണ്. എന്ന് കരുതി ഒരാള് തോളത്ത് കയറിയിരുന്ന് ചൊറിഞ്ഞ് കഴിഞ്ഞാല്‍ എങ്കില്‍ പോയി തീര്‍ന്ന്. പരസ്പര ബഹുമാനം ഇല്ലാതെ സംസാരിക്കാന്‍ പറ്റില്ല. പ്രതികരിക്കും. അതിപ്പോള്‍ ആരായാലും. അതൊക്കെ കൊണ്ടാണ് ഇന്ദ്രന്‍സിനെ എനിക്ക് ഏറെ ഇഷ്ടം. സത്യസന്ധമായിട്ട് ചിന്തിക്കുന്ന പെരുമാറുന്ന ജീവിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ ദൈവം നന്നായിട്ട് കടാക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ദ്രന്‍ വലിയ ദൈവ വിശ്വാസിയാണോ എന്ന് ചോദിച്ച് കഴിഞ്ഞാല്‍ അല്ല. പുള്ളി കുമ്പിട്ട് തൊഴുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല.” രാജസേനൻ കൂട്ടിച്ചേർത്തു.
ചിന്ന ചിന്ന ആസൈ ആണ് ഇനി പുറത്തുവരാനുള്ള ഇന്ദ്രൻസ് ചിത്രം. ജൂൺ 19 ന് ചിത്രം പുറത്തിറങ്ങും. മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ ‘ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ്ഒരുക്കുന്ന ചിത്രം കൂടിയാണിത്.