ഏപ്രില്‍ 14 രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമോ?..തമിഴകം കാത്തിരിക്കുന്നു

ചെന്നൈയില്‍ നടന്‍ രജനികാന്ത് വിളിച്ച് ചേര്‍ത്ത രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ചതെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. പാര്‍ട്ടി പ്രഖ്യാപനങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിന്റെ അജണ്ട.

എപ്രില്‍ മാസത്തില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഏപ്രില്‍ 14ന് തമിഴ് പുതുവര്‍ഷമാണ്. അന്നേദിവസം പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കരുതുന്നത്. കൂട്ടായ്മയിലെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം നടത്തേണ്ട സംസ്ഥാന ജാഥ അടക്കമുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്.