സ്‌റ്റൈയില്‍ മന്നന്‍ രജനി കാന്തിന് ഇന്ന് പിറന്നാള്‍

സ്‌റ്റൈയില്‍ മന്നന്‍ രജനി കാന്തിന് ഇന്ന് പിറന്നാള്‍.ദക്ഷിണേഷ്യയിലെ തന്നെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.കൂട്ടത്തില്‍ നമ്മുടെ മലായാളി താരങ്ങളും ,ആരാധകരും ഇതാ രജനി കാന്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നു.

ശിവാജി റാവു എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്.1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

1980കളാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജിനി അഭിനയം നിര്‍ത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

രജിനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിതീര്‍ന്നു.തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജിനി അഭിനയിച്ചിട്ടുണ്ട്.താരത്തില്‍ രാഷ്ട്രീയ പ്രവേശനവും ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്.