‘ആര്‍ട്ടിക്കിള്‍ 15’ കാണാന്‍ രാഹുല്‍ ഗാന്ധി തിയേറ്ററില്‍, വീഡിയോ വൈറല്‍

ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15’. ജാതിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളുടെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ ആ ചിത്രം കാണാനായി രാഹുല്‍ ഗാന്ധി തീയ്യേറ്ററില്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഔദ്യോഗികമായി രാജിവെച്ച ദിവസം തന്നെയാണ് ചിത്രം കാണാനായി ഡല്‍ഹിയിലെ പിവിആര്‍ ചാണക്യ തിയേറ്ററില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചിത്രം കാണാന്‍ എത്തിയതിന്റെ വീഡിയോ പുറത്ത് വന്നത്. പോപ്‌കോണ്‍ കഴിക്കുന്നതും ചിത്രം കാണാനെത്തിയ മറ്റുളളവരോട് അദ്ദേഹം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

‘മുല്‍ക്ക്’ എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 15’ രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്..ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 നെപ്പറ്റി പ്രതിപാദിക്കുന്നതാണ് ചിത്രം. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവ് സിന്‍ഹ ‘ആര്‍ട്ടിക്കിള്‍ 15’ ഒരുക്കിയിരിക്കുന്നത്. 2016ലെ ഉന ആക്രമണം എന്നിവയൊക്കെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.