“ഡിയർ ഡീം ഡോങ്” നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കൂ; ടിനി ടോമിനെ പരിഹസിച്ച് സംവിധായകൻ

','

' ); } ?>

നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച കോടതി ഉത്തരവിൽ പരോക്ഷമായി പ്രതികരിച്ച് സംവിധായകൻ എം.എ. നിഷാദ്. കോടതിയിൽ മജിസ്ട്രേറ്റിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ പറയുന്നത്. കൂടാതെ അങ്ങനെ വന്നാലത് സംസ്ഥാന പൊതുശല്യം ഓർമ ആകുമെന്നും നിഷാദ് പരിഹസിച്ചു. ടിനി ടോമിൻ്റെ പേര് പറയാതെ, ‘ഡീം ഡോങ്ങ്’ എന്ന് അഭിസംബോധന ചെയ്‌താണ്‌ നിഷാദിൻ്റെ പ്രതികരണം.

“പ്രിയപ്പെട്ട ഡീം ഡോങ്ങ്, താങ്കൾ ദയവായി കോടതി കയറി ജഡ്‌ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാൻ ശ്രമിക്കരുത്….അങ്ങനെ സംഭവിച്ചാൽ എല്ലാ വകുപ്പും മാറും…. കടുപ്പമേറിയ ശിക്ഷക്ക് കളമൊരുങ്ങും.. അങ്ങനെ വന്നാത് സംസ്ഥാന പൊതുശല്യം ഓർമ ആകും. ഒരുപദേശമാണ് വേണമെങ്കിൽ സ്വീകരിക്കാം..

കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..

NB : ഒന്നുമില്ലെങ്കിൽ പണിയില്ലാതിരുന്ന കാലത്ത് മൂന്ന് സിനിമകളിൽ വേഷം നൽകിയ വ്യക്തതി എന്ന നിലയിൽ പറയുകയാണ്…കോടതിയാണ്.. ‘അമ്മ’ ഓഫിസല്ല…സൂക്ഷിക്കുക.”-നിഷാദിൻ്റെ വാക്കുകൾ.

വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173-ാം വകുപ്പ് പ്രകാരം കേസ് റജിസ്‌റ്റർ ചെയ്‌ത്‌ വിശദമായ അന്വേഷണം നടത്താനാണ് കടവന്ത്ര പോലീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം.