“നിറമില്ലയെന്ന തോന്നലിൽ കമൽഹാസനോട് അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായി”; രാധിക ശരത്കുമാർ

','

' ); } ?>

കരിയറിന്റെ തുടക്ക കാലത്ത് തന്റെ നിറത്തെ ചൊല്ലി താനനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു സംസാരിച്ച് നടി രാധിക ശരത്കുമാർ. കമൽ ഹാസനൊപ്പമുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ തൻ്റെ നിറത്തെക്കുറിച്ചുള്ള ആശങ്കകൾ എങ്ങനെയാണ് ആത്മവിശ്വാസത്തെ ബാധിച്ചതെന്നും, അക്കാലത്തെ സിനിമാ മേഖലയിലെ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും രാധിക സംസാരിച്ചു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കെ.വിശ്വനാഥ് ഒരുക്കിയ ചിത്രത്തിൻ്റെ സെറ്റിൽനിന്നുള്ള ഓർമയാണ് രാധിക ശരത്കുമാർ പങ്കുവെച്ചത്.

“കമൽഹാസനെ പിന്നിൽനിന്ന് ആലിംഗനം ചെയ്യേണ്ട രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. കമൽഹാസൻ്റെ അരികിൽ നിൽക്കുമ്പോൾ എന്റെ നിറം വളരെ കുറവാണെന്ന തോന്നൽ വല്ലാതെ അസ്വസ്ഥയാക്കി. ഇക്കാരണത്താൽ ആ രംഗം ചെയ്യാൻ മടിക്കുകയും ആ രംഗത്തോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇത് സെറ്റിലുണ്ടായിരുന്നവർക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഞാൻ അസ്വസ്ഥയാകുന്നത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ കെ. വിശ്വനാഥ് കാര്യമെന്താണെന്ന് അന്വേഷിച്ചു. തുടർന്ന് അദ്ദേഹം ഒരു പെർഫ്യൂം ബോട്ടിൽ എടുത്ത് കമൽഹാസന് ചുറ്റും സ്പ്രേ ചെയ്തു. ഇത് അവിടെയുണ്ടായിരുന്ന എല്ലാവരെയും അദ്ഭുതപ്പെടുത്തി.” രാധിക പറഞ്ഞു.

“പിന്നീട് ഞാൻ എന്റെ മടിയുടെ യഥാർത്ഥ കാരണം കമൽ ഹാസനോട് വിശദീകരിച്ചു. നിങ്ങൾ നല്ല വെളുത്ത നിറമുള്ള ആളാണ്, എന്റെ കൈകൾക്ക് എൻ്റെ മുഖത്തേക്കാൾ രണ്ട് ഷേഡ് നിറം കുറവാണ്. കമൽ ഹാസനെ കെട്ടിപ്പിടിക്കുമ്പോൾ അത് വളരെ മോശമായി തോന്നുമെന്ന് ഞാൻ ഭയപ്പെട്ടതായും വെളിപ്പെടുത്തി. എന്നാൽ കമൽ ഹാസൻ ഈ ആശങ്കയെ നിസ്സാരമായി തള്ളിക്കളഞ്ഞു. ഇന്നും എന്നെ കാണുമ്പോൾ നിറത്തെക്കുറിച്ചുള്ള ഈ ചിന്തയെക്കുറിച്ച് അദ്ദേഹം തമാശയായി ഓർമിപ്പിക്കാറുണ്ട്.” രാധിക കൂട്ടിച്ചേർത്തു.