
പഞ്ചാബി ഗായിക ഇന്ദർ കൗറിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കാണാതായി ആറു ദിവസത്തിന് ശേഷം ലുധിയാനയിലെ നീലോ കനാലിൽ നിന്നാണ് ഗായികയുടെ മൃതദേഹം കണ്ടെടുത്തത്. 29 വയസ്സ് മാത്രമായിരുന്നു ഇന്ദറിന്റെ പ്രായം. ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക പോലീസാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദർ കൗറിന്റെ മുൻ കാമുകനായ സുഖ്‌വീന്ദർ സിംഗിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
മെയ് 13-ന് വൈകുന്നേരം പലചരക്ക് സാധനങ്ങൾ വാങ്ങാനായി സ്വന്തം കാറിൽ പുറത്തുപോയ ഇന്ദർ കൗർ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് സഹോദരൻ ജോതീന്ദർ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മോഘയിലെ ഭലൂർ ഗ്രാമവാസിയായ സുഖ്‌വീന്ദർ സിംഗിന് ഇന്ദറിനോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മൂന്ന് വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇയാൾ വിവാഹിതനും കുട്ടികളുള്ളയാളുമാണെന്ന് അറിഞ്ഞതോടെ ഇന്ദർ ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സുഖ്‌വീന്ദർ നിരന്തരം ഇന്ദറിനെ ശല്യം ചെയ്തിരുന്നതായും, ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് സംശയിക്കുന്നു.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി കാനഡയിലായിരുന്ന സുഖ്‌വീന്ദർ സിംഗ് നേപ്പാൾ വഴി പഞ്ചാബിൽ എത്തിയതാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മെയ് 13-ന് കൂട്ടാളികളോടൊപ്പം ചേർന്ന് ഗായികയുടെ കാർ തടഞ്ഞുനിർത്തി, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. കൃത്യത്തിന് തൊട്ടുപിന്നാലെ പ്രതി നേപ്പാൾ വഴി തന്നെ കാനഡയിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇന്ദറിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. മെയ് 15-ന് തന്നെ പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും കൃത്യസമയത്ത് നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും, പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇന്ദറിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി ജമാൽപൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗായികയുടെ വിയോഗം പഞ്ചാബി സംഗീത ലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.