
റിലീസ് ചെയ്ത് 36 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി മാസ്റ്റർ പീസ് മോഹൻലാൽ ചിത്രം “കിരീടം“. ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിലാണ് ചിത്രമെത്തുക. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും.
ലോഹിതദാസ്- സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ ചിത്രം മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ്. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. 1989- ൽ പുറത്തിറങ്ങിയ ചിത്രം കൃപാ ഫിലിംസിൻ്റെ ബാനറിൽ എൻ. കൃഷ്‌ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്.
എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്‌ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പിആർഒ: പി.ശിവപ്രസാദ്.