“നിക്ഷേപിച്ച തുകയുടെ പകുതി മാത്രം നൽകി, ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഒറ്റയ്‌ക്കെടുത്തു”; ആർ.ജെ. ബാലാജിക്കെതിരെ പ്രൊഡ്യൂസർ

','

' ); } ?>

തമിഴ്‌താരം സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ തിയേറ്ററുകളിൽ 300 കോടിയിലധികം രൂപ വാരി വൻ വിജയമായി മുന്നേറുന്നതിനിടെ അണിയറയിൽ പുതിയ വിവാദം പുകയുന്നു. മുൻകൂട്ടി നിശ്ചയിച്ച ബജറ്റ് കുത്തനെ ഉയർന്നതും റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് സംവിധായകൻ ആർ.ജെ. ബാലാജിക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ ഫിനാൻഷ്യറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്‌മണ്യം രംഗത്തെത്തി. സിനിമയിൽ താൻ നിക്ഷേപിച്ച തുകയുടെ പകുതി മാത്രമാണ് ഇതുവരെ തിരികെ ലഭിച്ചതെന്നും എന്നാൽ ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സംവിധായകൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശ്രീ ശക്തി സിനിമാസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരുപ്പൂർ സുബ്രഹ്‌മണ്യത്തിന്റെ ഈ വെളിപ്പെടുത്തൽ.

മുൻപ് 2025 ദീപാവലിക്ക് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം എട്ട് മാസത്തോളം വൈകിയാണ് തിയേറ്ററുകളിലെത്തിയത്. 30 മുതൽ 40 കോടി രൂപ വരെ ബജറ്റ് കണക്കാക്കിയ സിനിമയുടെ ചെലവ് ഒടുവിൽ 80 കോടി രൂപയിലേക്ക് ഉയർന്നതാണ് നിർമാതാക്കളെയും ഫിനാൻഷ്യർമാരെയും വലിയ പ്രതിസന്ധിയിലാക്കിയതെന്ന് സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടുന്നു. ഒരു സിനിമയുടെ ചെലവ് 45 കോടി വരെയാകുന്നത് സ്വാഭാവികമാണെങ്കിലും ഇത് ഇരട്ടിയായി മാറുമ്പോൾ താങ്ങാനാകില്ലെന്നും സ്വന്തം പണം നിക്ഷേപിച്ച തനിക്ക് അതിന്റെ പകുതി മാത്രമേ തിരികെ കിട്ടിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മേയ് 14-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ‘കറുപ്പ്’ സിനിമയ്ക്ക് രാവിലെ ഒൻപതുമണിയുടെ പ്രത്യേക ഷോകൾക്ക് മുഖ്യമന്ത്രി വിജയ് അനുമതി നൽകിയിരുന്നു. എന്നാൽ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്‌സ് നൽകാനുണ്ടായിരുന്ന 10 കോടി രൂപയുടെ കുടിശ്ശികയും മുൻപത്തെ ബാധ്യതകളും തീർപ്പാക്കാത്തതിനെത്തുടർന്ന് ഫിനാൻഷ്യർമാർ അനുമതി നിഷേധിച്ചതോടെ അവസാന നിമിഷം പ്രദർശനങ്ങൾ റദ്ദാക്കേണ്ടി വന്നു. റിലീസിന് രണ്ട് ദിവസം മുൻപ് ഇത്തരമൊരു കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ സംവിധായകൻ ഒപ്പം നിന്ന് പ്രശ്നങ്ങളെ നേരിടാൻ തയ്യാറായില്ലെന്ന് തിരുപ്പൂർ സുബ്രഹ്‌മണ്യം കുറ്റപ്പെടുത്തി. അതിനുപകരം കാറിലിരുന്ന് കരയുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ആർ.ജെ. ബാലാജി ചെയ്തത്. അന്ന് ഷോകൾ റദ്ദാക്കിയതിനെ തുടർന്ന് ബാലാജി പൊട്ടിക്കരയുന്ന വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

തുടർന്ന് നടൻ സൂര്യ മാത്രമാണ് മുന്നോട്ടുവന്ന് ഈ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനും ചിത്രം തിയേറ്ററുകളിൽ എത്തിക്കാനും ഇടപെട്ടത്. സൂര്യ ഒഴികെ മറ്റാരും ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചില്ലെന്നും സുബ്രഹ്‌മണ്യം ഓർമിപ്പിച്ചു. സിനിമ വൻ ഹിറ്റായപ്പോൾ സംവിധായകൻ സ്വയം മേനിനടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് മേയ് 15-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് നേടിയത്. 300 കോടിയിലധികം രൂപ കളക്ഷൻ നേടിയ ‘കറുപ്പ്’ നിലവിൽ 2026-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി റെക്കോർഡിട്ടിരിക്കുകയാണ്.