“പോസ്റ്ററുകളും ടീസറും വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നു”; ‘ബാറ്റിൽ ഫോർ ലെഗസി’ തടയണമെന്ന് സൽമാൻ ഖാൻ

','

' ); } ?>

തന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘ബാറ്റിൽ ഫോർ ലെഗസി’ എന്ന ചിത്രത്തിന്റെ നിർമാണം, പ്രചാരണം, റിലീസ് എന്നിവ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 1998-ലെ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയെന്നും ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും തന്നെ വ്യക്തമായി ലക്ഷ്യം വെക്കുന്നതാണെന്നും സൽമാൻ ഹർജിയിൽ ആരോപിക്കുന്നു.

വാണിജ്യപരമായ നേട്ടങ്ങൾക്കായി നിർമാതാക്കൾ തൻ്റെ പേര് ഉപയോഗിച്ചതായും, താൻ സ്ഥിരമായി ധരിക്കാറുള്ള ബ്രേസ്ലെറ്റ് ധരിച്ച, തന്നെപ്പോലെ തോന്നിക്കുന്ന ഒരാളെയാണ് ഇതിനായി ഉപയോഗിച്ചതെന്നും നടൻ കോടതിയെ അറിയിച്ചു. ചിത്രം നിലവിലുള്ള നിയമനടപടികളെ ദോഷകരമായി ബാധിക്കുമെന്നും തൻ്റെ കരിയറിനും കീർത്തിക്കും കളങ്കമേൽപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിൻ്റെ നിർമാണം, പ്രൊമോഷൻ, റിലീസ്, സ്ട്രീമിങ് എന്നിവയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തണമെന്ന് സൽമാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ, എതിർകക്ഷികളായ അമിത് ജാനി, ജാനി ഫയർഫോക്‌സ്‌ ഫിലിംസ്, അക്ഷയ് പാണ്ഡെ എന്നിവർക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചു. കേസ് ഈ മാസം 19-ന് കോടതി വീണ്ടും പരിഗണിക്കും.

ചിത്രത്തിന്റെ റിലീസ് ഉടനടി തടയണമെന്നും പ്രൊമോഷൻ സാമഗ്രികൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് നടന്റെ ലീഗൽ ടീം സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ജൂൺ രണ്ടിന് നൽകിയ മറുപടിയിൽ ചിത്രത്തിൻ്റെ നിർമാതാവ് അമിത് ജാനി ഈ ആരോപണങ്ങൾ നിഷേധിച്ചു. വന്യജീവികളെ സംരക്ഷിക്കാനുള്ള ബിഷ്ണോയ് സമൂഹത്തിന്റെ പോരാട്ടത്തിലാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത് സൽമാൻ ഖാൻ്റെ ബയോപിക് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സിനിമയെന്നും ജൂൺ 20-ന് ടീസർ പുറത്തിറങ്ങാനിരിക്കെ ലഭിച്ച നോട്ടീസ് അകാലത്തിലുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരത് എസ്. ശ്രീനേറ്റ് സംവിധാനം ചെയ്യുന്ന ‘ബാറ്റിൽ ഫോർ ലെഗസി’ യഥാർഥ ജീവിതത്തിലെ നിയമപോരാട്ടങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സസ്പെൻസ്- ആക്ഷൻ ഡ്രാമയായാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.