സിഗരറ്റ് വലിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര, അവസരവാദിയെന്ന് സോഷ്യല്‍മീഡിയ

നിക്കിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം ഫ്‌ളോറിഡയിലെ മിയാമിയില്‍ ജന്മദിനാഘോഷത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. എന്നാല്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ വിമര്‍ശകര്‍ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ്. മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം സിഗരറ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. പ്രിയങ്കയുടെ ഒരു പഴയ ട്വീറ്റ് കുത്തിപ്പൊക്കിക്കൊണ്ടാണ് വിമര്‍ശനങ്ങള്‍.

2010ല്‍ പുകവലി എന്തൊരു അസഹനീയമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് ആസ്ത്മയുണ്ടെന്നും ആസ്ത്മയുണ്ടെന്നു കണ്ടെത്തുമ്പോള്‍ തനിക്ക് അഞ്ചുവയസ്സായിരുന്നുവെന്നും പ്രിയങ്ക പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. കൂടാതെ ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെയും പ്രിയങ്ക രംഗത്തു വന്നിരുന്നു. ദീപാവലി പ്രകാശത്തിന്റെയും മധുരപലഹാരങ്ങളുടെയും സ്‌നേഹത്തിന്റെയും ആഘോഷമാകണമെന്നും മാലിന്യവിമുക്തമാകണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോള്‍ ആസ്ത്മയുടെ പ്രശ്‌നമില്ലേയെന്നാണ് എല്ലാവരുടേയും ചോദ്യം. താരം അവസരവാദിയാണെന്നും മറ്റുള്ളവരെ നന്നാക്കുന്നതിന് മുന്‍പ് സ്വയം നന്നാകാനും പറയുന്നു. കപട നാട്യക്കാരിയെന്നും പ്രിയങ്കക്കെതിരെ വിമര്‍ശനങ്ങളുണ്ട്.

ജൂലൈ 18 ന് നടന്ന ആഘോഷങ്ങള്‍ക്കു ശേഷം ബീച്ചില്‍ എത്തിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രം പ്രിയങ്ക ഫാന്‍സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.