വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മലയാള സിനിമയില്‍ പ്രശസ്തമാണ്. ഈ കൂട്ടായ്മയില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പുറത്ത് വിട്ടൊരു ചിത്രമാണ് വളരെ പെട്ടന്ന് വൈറലായത്. പ്രിയദര്‍ശനൊപ്പമുള്ള ഒരു പഴയകാല ചിത്രമായിരുന്നു താരം പങ്കുവെച്ചത്. അതിനൊപ്പം പ്രിയനുമായിട്ടുള്ള ആത്മാര്‍ത്ഥ സൗഹൃദത്തിനെ കുറിച്ച് ചെറിയൊരു കുറിപ്പും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ഷര്‍ട്ട് ധരിക്കാതെ തോളില്‍ കൈ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഇരുവരുടെയും ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്. സിനിമാ സ്വപ്നങ്ങള്‍ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്. ഈ സൗഹൃദത്തില്‍ നിന്നാണ്. ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ. ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം’. എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മോഹന്‍ലാലിന്റേതായി ഉടന്‍ വരാനിരിക്കുന്ന സിനിമ. മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.