
ഹേരാ ഫേരി-3 സംവിധാനം ചെയ്യുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് സംവിധായകൻ പ്രിയദർശൻ. ചിത്രം ഇനിയൊരിക്കലും വെള്ളിത്തിര കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഇപ്പോൾ ഈ പ്രോജക്റ്റിൻ്റെ ഭാഗമല്ലെന്നും, താൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് അപ്രധാനമാണെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശൻ ഇനി ഹേരാ ഫേരി-3യുടെ ഭാഗമല്ലെന്ന് നിർമാതാവ് ഫിറോസ് നാദിയാവാല വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രിയദർശന്റെ പ്രതികരണം വന്നിരിക്കുന്നത്.
ബോളിവുഡ് ചലച്ചിത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹേരാ ഫേരി-3. അക്ഷയ് കുമാർ-സുനിൽ ഷെട്ടി-പരേഷ് റാവൽ എന്നിവരൊന്നിച്ച സിനിമാ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. ഈ വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങാൻ യാതൊരു സാധ്യതയുമില്ലെന്നും, നിലവിലെ സാഹചര്യത്തിൽ ചിത്രം ഒരിക്കലും വെള്ളിത്തിരയിൽ എത്തിയേക്കില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ വർഷം, പരേഷ് റാവൽ സിനിമയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് വലിയ വിവാദമുണ്ടായിരുന്നു. അക്ഷയ് കുമാർ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തതാണ് ഇതിന് കാരണം. പിന്നീട് അക്ഷയ് കുമാർ ഈ കേസ് പിൻവലിക്കുകയും ഈ വിഷയം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ചിത്രം പുതിയ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നത്.
സങ്കീർണ്ണമായ നിയമതർക്കങ്ങളാണ് ഈ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. സിനിമയുടെയും സംഗീതത്തിന്റെയും അവകാശങ്ങൾ സംബന്ധിച്ച് വിവിധ കക്ഷികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ തങ്ങൾക്കാണെന്ന് നിർമാണക്കമ്പനിയായ സെവൻ ആർട്സ് ഇൻ്റർനാഷണൽ അവകാശപ്പെട്ടു. മലയാളത്തിലെ ‘റാംജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കാൻ മാത്രമാണ് ഫിറോസ് നാദിയാ വാലയ്ക്ക് അവകാശമുണ്ടായിരുന്നതെന്നും, ഫ്രാഞ്ചൈസി അവകാശങ്ങൾ കൈമാറിയത് നിയമവിരുദ്ധമാണെന്നുമാണ് ഇവരുടെ വാദം.
സംഗീത അവകാശങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളും സിനിമയെ ബാധിച്ചിട്ടുണ്ട്. ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ചിത്രത്തിൻ്റെ സംഗീത അവകാശത്തിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇത്തരം നിയമപ്രശ്നങ്ങൾ പരിഹരിക്കാതെ സിനിമയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് പ്രിയദർശൻ പറയുന്നു.
2000-ൽ പ്രിയദർശൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഹേരാ ഫേരി’ ഒരു കൾട്ട് ക്ലാസിക്കായി മാറിയിരുന്നു. തുടർന്ന് 2006-ൽ നീരജ് വോറയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഫിർ ഹേരാ ഫേരി’യും വലിയ വിജയമായിരുന്നു. എന്നാൽ മൂന്നാം ഭാഗത്തിനായി വർഷങ്ങളായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.