
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെക്കാനുള്ള തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് നടി ലക്ഷ്മിപ്രിയ. നിലവിൽ സംഘടന കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയത്. സംഘടനയ്ക്കുള്ളിൽ അംഗങ്ങൾക്കിടയിൽ വ്യക്തമായ വേർതിരിവുണ്ടെന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു.
പുറമേയ്ക്ക് കാണുന്ന രീതികളല്ല സംഘടനയ്ക്ക് ഉള്ളിലുള്ളതെന്ന് ലക്ഷ്മിപ്രിയ ചൂണ്ടിക്കാണിക്കുന്നു. താനൊരു മുൻനിര നായികയല്ലെന്നും രണ്ടാം നിരയിലോ മൂന്നാം നിരയിലോ മാത്രം നിൽക്കുന്ന ഒരു നടിയാണെന്നും അവർ സ്വയം അടയാളപ്പെടുത്തുന്നുണ്ട്. നായിക തുല്യമായ ഒരുപാട് വേഷങ്ങളിൽ താൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, സംഘടനയ്ക്കുള്ളിലെ വിവേചനപരമായ ഈ സമീപനമാണ് രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. കാൻ ചാനൽ മീഡിയയിലാണ് ലക്ഷ്മിയുടെ പരാമർശം.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ;
അമ്മ സംഘടനയിൽ നിന്ന് രാജി വെക്കുന്നതിൽ നിന്ന് മാറ്റമില്ല. നിങ്ങൾ പുറത്ത് കാണുന്നത് പോലെയല്ല ഈ സംഘടനയുടെ രീതി. ഞാൻ രണ്ടാം നിരയിലോ മൂന്നാം നിരയിലോ നിൽക്കുന്ന നടി മാത്രമാണ്. ഞാനൊരു നായികയല്ല. നായികയ്ക്ക് തുല്യമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കഥ തുടരുന്നു, ഭാഗ്യദേവത, മോളി ആന്റി റോക്ക്സ് ഒക്കെ ഞാൻ ഗംഭീരമായി അഭിനയിച്ച സിനിമകളാണ്. എന്നാൽ പോലും ഞങ്ങളെ പോലുള്ളവരെ അംഗീകരിക്കാൻ വളരെ വിഷമമാണ്. ഈ സംഘടനയിൽ സാഹോദര്യവും സ്നേഹവും പറച്ചിലിൽ മാത്രമേയുള്ളൂ. വലിയ ആൾക്കാർ എപ്പോഴും വലിയവരും ചെറിയ ആൾക്കാർ എപ്പോഴും ചെറിയ ആൾക്കാരുമാണ്. ആൾക്കാരെ പല രീതിയിൽ കാറ്റഗറെെസ് ചെയ്ത് തന്നെയാണ് ഈ സംഘടന കാണുന്നത്. ഒരൊറ്റ ദിവസം ജനറൽ ബോഡിയിൽ ആരെങ്കിലും നമ്മൾ സഹോദരങ്ങളാണ് സഹപ്രവർത്തകരാണ് എന്നൊക്കെ പറയും.
ഈ സഹോദരനെയോ സഹപ്രവർത്തകനെയോ ഒന്ന് കണ്ടാൽ അദ്ദേഹമൊന്ന് മിണ്ടുക പോലുമില്ല. എന്റെ അനുഭവം മാത്രമല്ല. ഒരുപാട് പേർക്ക് അതാണ് അനുഭവം. ഒരു വലിയ മഹാനടൻ എന്റെ പുസ്തക പ്രകാശനത്തിന് പോലും സഹകരിച്ചില്ല. അദ്ദേഹത്തിന് ഞാൻ മെസേജിട്ടു. നിങ്ങളൊക്കെ ലക്ഷ്മിപ്രിയയുടെ പുസ്തക പ്രകാശനത്തിനും അവതാരികയെഴുതാനും ലക്ഷ്മിപ്രിയയുടെ നാടകം കാണാനുമൊക്കെ വരുന്ന തരത്തിൽ ലക്ഷ്മിപ്രിയ ഇനിയും വളരട്ടെ എന്നായിരുന്നു മെസേജ്. ഐആം നോട്ട് ഇൻ എന്ന് പറഞ്ഞ് അദ്ദേഹം മെസേജ് അയച്ചു. കുഴപ്പമില്ലെന്ന് താൻ മറുപടി നൽകി.
അമ്മ സംഘടനയോട് എനിക്ക് സഹകരിക്കാൻ താൽപര്യമില്ലാത്തതിന് മറ്റൊരു കാരണവും ഉണ്ട്. ഇത്രയും പ്രശ്നങ്ങൾ നടക്കുന്ന അന്ന് ഞങ്ങൾ ഭക്ഷണവും സമ്മാനങ്ങളുമെല്ലാം അറേഞ്ച് ചെയ്തു. ഞങ്ങളൊക്കെ ഒരു ഗ്ലാസ് ചായ കുടിച്ചോ എന്ന് പോലും ഒരു മനുഷ്യരും ചോദിച്ചിട്ടില്ല. കമ്മിറ്റിയിലുണ്ടായിരുന്ന ഞങ്ങൾ 15 പേരും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് നിന്നത്. അവസാനം ദാഹിച്ച് തൊണ്ടയുണങ്ങുന്ന സമയത്ത് ആരോ പൊട്ടിച്ച് ബാക്കി വെച്ച ഒരു കുപ്പി വെള്ളം എനിക്ക് കൊണ്ട് തരികയാണ് ചെയ്തത്.
ഈ വന്നവരൊക്കെ ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങളെയൊക്കെ ഇഷ്ടം പോലെ തെറി പറഞ്ഞ് കെെ നിറച്ച് സമ്മാനങ്ങളൊക്കെയായി അവരൊക്കെയങ്ങ് പോയി. അതോടെ ഇത്തരം ആൾക്കാരെ സേവിക്കാനോ ഇത്തരം ആൾക്കാരുടെ ഇടയിലോ ലക്ഷ്മിപ്രിയയെ പോലൊരാൾ വേണ്ടെന്ന് ഞാൻ സ്വയം തീരുമാനിച്ചു.