
നടനും സംവിധായകനുമായ ഭാഗ്യരാജിൻ്റെ വിയോഗത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് മകനും നടനുമായ ശന്തനു ഭാഗ്യരാജ്. പിതാവിന്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികാഘോഷ വേളയിലെ ഒരു പഴയ വീഡിയോ ആണ് ശന്തനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ആയുസ്സിൽ നിന്നും 10 വർഷം അച്ഛന് നൽകാൻ സാധിച്ചിരുന്നെങ്കിൽ അദ്ദേഹം ഇനിയും ഒരുപാട് സിനിമകൾ ചെയ്യുമായിരുന്നു എന്ന് ശന്തനു വീഡിയോയിൽ പറയുന്നുണ്ട്. അപ്പ, എനിക്ക് അതിന് സാധിച്ചിരുന്നെങ്കിൽ എന്ന അടിക്കുറിപ്പോടെയാണ് ശന്തനു ഈ വീഡിയോ പങ്കുവെച്ചത്.
“എനിക്ക് സാധിക്കുമെങ്കിൽ, എൻ്റെ ജീവിതകാലത്തിലെ 10 വർഷം എന്റെ പിതാവിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾ ഇനിയും 10 വർഷവും അതിൽ കൂടുതലും സിനിമകൾ ചെയ്യേണ്ടതുണ്ട്. ഇനിയും നിരവധി കഥകൾ നിങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഒരു ആരാധകൻ എന്ന നിലയിലും ഒരു വിദ്യാർത്ഥി എന്ന നിലയിലും, ഞാൻ അത് കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു.” ശാന്തനു കുറിച്ചു.
ഭാഗ്യരാജിന്റെ മകളും ഫാഷൻ ഡിസൈനറുമായ ശരണ്യ ഭാഗ്യരാജും അച്ഛന്റെ ഓർമ്മകളിൽ വിതുമ്പുന്ന പോസ്റ്റുമായി എത്തി. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും തൻ്റെ കുഞ്ഞിനൊപ്പമുള്ള ഭാഗ്യരാജിന്റെ നിമിഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ മൊണ്ടാഷ് ആണ് ശരണ്യ പങ്കുവെച്ചത്. തിരക്കുകൾക്കിടയിലും തങ്ങൾക്കിടയിലുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ. അച്ഛൻ്റെ ഫോണിൽ നിന്നുള്ള നിരവധി മിസ്സ്ഡ് കോളുകളെക്കുറിച്ചും ശരണ്യ ഹൃദയസ്പർശിയായി കുറിച്ചു.
തമിഴ് സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിൻ്റെ വേർപാട് ചലച്ചിത്ര ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ജൂൺ 27-ന് ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു 73-കാരനായ അദ്ദേഹത്തിന്റെ്റെ അന്ത്യം. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നത്.