സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിനാണ് റാണി മുഖര്‍ജി സിനിമയെക്കുറിച്ച് സന്ദേശം അയച്ചത്. പൃഥ്വിരാജ് ഈ സന്ദേശം ജിയോ ബേബിക്ക് അയക്കുകയും അദ്ദേഹം അത് ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

‘പൃഥ്വി, ഇത് ഞാനാണ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. അതൊരു അസാമാന്യമായ സൃഷ്ടിയാണ്. എനിക്ക് ആ ചിത്രം ഇഷ്ടമായെന്ന് സംവിധായകനെ അറിയിക്കണം. ഈ സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്” എന്നാണ് റാണി മുഖര്‍ജി പൃഥ്വിരാജിനയച്ച സന്ദേശത്തില്‍ കുറിച്ചിരിക്കുന്നത്.

ജനുവരി 15 ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ചിത്രമാണ്.ഇപ്പോള്‍ ചിത്രം ആമസോണ്‍ പ്രൈമിലും പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.