എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ താങ്കളോട് നന്ദി അറിയിക്കുന്നു ;റോഷന്‍ ആന്‍ഡ്രൂസ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് പാക്കപ്പ് ആയിരിക്കുന്നു. ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ആണ്. തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച ദുല്‍ഖറിനോട് നന്ദി പറഞ്ഞുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്.ദുല്‍ഖറിനൊപ്പമുള്ള സിനിമ വലിയ സ്വപ്നമായിരുന്നുവെന്നും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും റോഷന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്

സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നമ്മളദ്ദേഹത്തെ വിളിക്കും ഡിക്യൂ എന്ന്. എന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളില്‍ ഒന്ന് താങ്കളുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ താങ്കളോട് നന്ദി അറിയിക്കുന്നു. നമ്മളൊന്നിച്ച് ചിലവഴിച്ച നിമിഷങ്ങളിലൂടെ ഞാന്‍ മനസിലാക്കിയ കാര്യമുണ്ട്, താങ്കള്‍ മികച്ചൊരു മനുഷ്യനാണെന്ന്, ആ ഗുണം തന്നെയാണ് താങ്കളെ മികച്ചൊരു നടനാക്കുന്നതും. എന്റെ എല്ലാ സഹപ്രവര്‍ത്തകരായ സംവിധായകരോടും ഞാന്‍ പറയും, ദുല്‍ക്കര്‍ സല്‍മാനുമായി ജോലി ചെയ്യുക എന്നത് നിങ്ങളുടെ കരിയറില്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത അനുഭവമാണെന്ന്.

അതിനുപുറമെ, എനിക്ക് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് താങ്കളുടേത്. മികച്ച പ്രൊഡക്ഷന്‍ ടീമുകളിലൊന്ന്, മികച്ച അഭിനേതാക്കള്‍, മനുഷ്യര്‍, എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ നേടിയ മികച്ച സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നിങ്ങള്‍ എനിക്ക് നല്‍കി.അരവിന്ദ് കരുണാകരനെ ഞങ്ങള്‍ സങ്കല്‍പ്പിച്ചതിലും അപ്പുറത്തേക്ക് ഉത്കൃഷ്ഠമാക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൊറോണയുടെ കാലഘട്ടത്തില്‍ പോലും, ഷെഡ്യൂളിന് മുമ്പായി ഈ പ്രോജക്റ്റ് തീര്‍ക്കാന്‍ ഞങ്ങളെ സഹായിച്ച അവിശ്വസനീയമായ ടീം വര്‍ക്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വേഫെയര്‍ ടീമിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കഠിനാധ്വാനമാണ് ഇത് സാധ്യമാക്കിയത്. മനോജേട്ടാ എന്ത് സംഭവിച്ചാലും എനിക്കൊപ്പം നില്‍ക്കുന്ന ജ്യേഷ്ഠനെ പോലെയാണ് താങ്കളെനിക്ക്. ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഓരോ അഭിനേതാക്കളോടും, എന്റെ ടെക്‌നീഷ്യന്മാരോടും, എന്റെ എല്ലാമായ ബോബി സഞ്ജയ്, ഈ സ്വപ്നം സഫലമാക്കിയതിന് നിങ്ങളോരോരുത്തരെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു.