
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ അടുത്തിടെ വന്ന നിലപാടുകളിലും അഭിമുഖങ്ങളിലെ പ്രതികരണങ്ങളിലും സമൂഹമാധ്യമങ്ങളിൽ വിമർശനം. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ നിലപാടുകളിലെ വ്യക്തത കൊണ്ടും ശക്തമായ കാഴ്ചപ്പാടുകൾ കൊണ്ടും ശ്രദ്ധേയനായിരുന്ന നടൻ, ഇപ്പോൾ അമിതമായ ഡിപ്ലോമസിയാണ് പുലർത്തുന്നതെന്നാണ് പ്രേക്ഷകരുടെ ആക്ഷേപം. പ്രത്യേകിച്ച്, മമ്മൂട്ടി, മോഹൻലാൽ എന്നീ മുതിർന്ന താരങ്ങളെ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ പോലും പൃഥ്വിരാജ് അനാവശ്യമായി പുകഴ്ത്തുന്നുവെന്നും റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ചർച്ചകൾ സജീവമാണ്. മുൻപ് ഇത്തരം കാര്യങ്ങളിൽ കൃത്യമായ അതിർവരമ്പുകൾ സൂക്ഷിച്ചിരുന്ന നടന്റെ ഇപ്പോഴത്തെ വാക്കുകൾ വെറും ഭംഗിവാക്കുകളായി മാത്രമേ തോന്നുന്നുള്ളൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ഇതിനൊപ്പം തന്നെ, കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്നെയും ‘ആടുജീവിതം’ സിനിമയുടെ അണിയറ പ്രവർത്തകരെയും ജോർദാനിൽ നിന്ന് നാട്ടിലെത്തിക്കാൻ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി നടത്തിയ വലിയ ഇടപെടലുകളെക്കുറിച്ച് പൃഥ്വിരാജ് പൂർണ്ണ മൗനം പാലിക്കുന്നതിലും വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ആ സമയത്ത് തന്നെ ഫോൺ വിളിച്ച് ആശ്വസിപ്പിച്ച മോഹൻലാലിനെക്കുറിച്ച് പല അഭിമുഖങ്ങളിലും താരം വാചാലനായപ്പോൾ, പ്രായോഗികമായി സഹായിച്ച സുരേഷ് ഗോപിയെക്കുറിച്ച് ഒരു വാക്ക് പോലും പറയാൻ പൃഥ്വിരാജ് തയ്യാറായില്ലെന്നാണ് പുതിയ അഭിമുഖങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്.
ഇതിനുപുറമേ, പൃഥ്വിരാജിന്റെ മുൻകാല നിലപാടുകളിലെ വൈരുദ്ധ്യങ്ങളും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ പ്രായമുള്ള നായകൻമാർ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുന്നതിനെ നിശിതമായി വിമർശിച്ചിരുന്ന പൃഥ്വിരാജ് തന്നെ, താൻ സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ തന്നേക്കാൾ കേവലം ആറ് വയസ്സ് മാത്രം വ്യത്യാസമുള്ള നടി മീനയുടെ മകനായി അഭിനയിച്ചത് ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമായി വിമർശകർ ഉയർത്തിക്കാട്ടുന്നു.
എന്നാൽ, സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം കൂട്ടമായ വിമർശനങ്ങളെ താൻ ഒട്ടും ഗൗരവമായി കാണുന്നില്ലെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ എന്നത് വ്യക്തമായൊരു വ്യക്തിത്വമില്ലാത്ത ഒരു വെറും ആൾക്കൂട്ടം മാത്രമാണെന്നും, അവർക്ക് കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കാൻ താൽപ്പര്യമില്ലെന്നും താരം പ്രതികരിച്ചു. അവിടെ പറയുന്ന കാര്യങ്ങൾ പലപ്പോഴും ആളുകളുടെ താൽപ്പര്യത്തിനനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. ഒരു വ്യക്തി എന്ന നിലയിലോ നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലോ എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കുക എന്നത് സാധ്യമായ കാര്യമല്ലെന്നും, തന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും പൃഥ്വിരാജ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.