മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്നും പല താരങ്ങളും പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ട്രെയിലര്‍ ആവേശത്തോടെ പങ്കുവെച്ചിട്ടുണ്ട്. നടന്‍ സിദ്ധാര്‍ഥ് ട്വിറ്ററില്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാണ്.
‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ‘ലൂസിഫര്‍’ ട്രെയിലര്‍ അതിമനോഹരമായിരിക്കുന്നു. കാത്തിരിക്കാന്‍ വയ്യെടാ മോനേ. മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്, അതും തക്കതായ കാരണങ്ങള്‍ കൊണ്ട് തന്നെ..’,ലൂസിഫര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തു കൊണ്ട് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിവ.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ് കുമാര്‍, നന്ദു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് ലൂസിഫര്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.