
പ്രശസ്ത സംഗീത നിരൂപകന്‍ രവിമേനോന്‍ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളുടെ പശ്ചാതലത്തില്‍ ഫേസ്ബുക്കിലൂടെ പഴയ ഒരു ലേഖനം പങ്കുവെച്ചിരിക്കുകയാണ്. ‘കണ്ണപ്പനുണ്ണി’യിലെ ആയിരം ഫണമെഴും ആദിശേഷരേ..എന്ന ഗാനരംഗം ചിത്രീകരിച്ചപ്പോഴുള്ള അനുഭവം പ്രേംനസീര്‍ പങ്കുവെച്ചതാണ് ലേകഖന്‍ വിശദീകരിക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍, 2020 മെയ് ലക്കത്തിലെ ലേഖനത്തില്‍ നിന്നുള്ളതാണ് താഴെയുള്ള കുറിപ്പ്…
മൂർഖൻ പാമ്പിനറിയില്ലല്ലോ
നസീറിനെയും യേശുദാസിനേയും
——————————-
ഇഷ്ടഗാനരംഗം ഏതെന്നു ചോദിച്ചാൽ കുഴങ്ങിപ്പോകും പ്രേംനസീർ. പക്ഷേ കഷ്ടഗാനരംഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം റെഡി: “കണ്ണപ്പനുണ്ണി”യിലെ ആയിരം ഫണമെഴും ആദിശേഷരേ..
അത്രയും കഷ്ടപ്പെട്ട് അഭിനയിച്ച പാട്ടുസീനുകൾ വേറെയില്ല നസീറിന്റെ ഓർമ്മയിൽ. യേശുദാസിന്റെ ഗന്ധർവ നാദത്തെക്കാൾ ആ ഗാനം ഓർമ്മയിൽ അവശേഷിപ്പിക്കുന്നത് മൂർഖൻ പാമ്പുകളുടെ സീൽക്കാര ശബ്ദമാണെന്ന് പറഞ്ഞിട്ടുണ്ട് നിത്യഹരിതനായകൻ; സ്വതസിദ്ധമായ നർമ്മബോധത്തോടെ.
അഭിനയിച്ച് അനശ്വരമാക്കിയ ഗാനരംഗങ്ങളുടെ രസകരമായ ഓർമ്മകൾ അവസാന ചിത്രമായ “ധ്വനി”യുടെ ഷൂട്ടിങ് ലൊക്കേഷനിലിരുന്ന് പങ്കുവെക്കുകയായിരുന്നു നസീർ. ഒരു പക്ഷേ, നസീറിന്റെ അച്ചടിച്ചുവന്ന അവസാന അഭിമുഖം. “ഇന്നും കണ്ണപ്പനുണ്ണിയിലെ ആ ഗാനരംഗം നടുക്കത്തോടെയല്ലാതെ കാണാനാവില്ല.”– നസീർ പറഞ്ഞു. ഒരു പറ്റം വിഷസർപ്പങ്ങൾക്കിടയിലിരുന്ന് നായകൻ പാടേണ്ട പാട്ടാണ്. സഹനടന്മാർ ആരെന്നറിഞ്ഞപ്പോഴേ വിവർണ്ണമായി വടക്കൻ പാട്ടിലെ വീരനായകന്റെ മുഖം. പടത്തിന്റെ ഔദ്യോഗിക സംവിധായകൻ കുഞ്ചാക്കോ ആണെങ്കിലും സംവിധാനമേൽനോട്ടം പതിവുപോലെ വിൻസന്റ് മാസ്റ്റർക്കാണ്. “ വിഷപ്പല്ല് പറിച്ചു കളഞ്ഞ നിരുപദ്രവികളായ പാമ്പുകളാണ് എന്ന് വിൻസന്റ് മാസ്റ്റർ ആണയിട്ടുപറഞ്ഞിട്ടും എന്‍റെ പേടി കുറഞ്ഞില്ല. നിരവധി പടങ്ങളിൽ അഭിനയിച്ചു പരിചയമുള്ള പാമ്പുകളാണത്രെ. അതുകൊണ്ട് എന്ത് ഗുണം? പാമ്പിനറിയില്ലല്ലോ പാടുന്നത് യേശുദാസാണെന്നും അഭിനയിക്കുന്നത് പ്രേംനസീറാണെന്നും.” — നസീർ പൊട്ടിച്ചിരിക്കുന്നു. ആദ്യമാദ്യം അഭിനയിക്കില്ലെന്ന് വാശി പിടിച്ചെങ്കിലും ഒടുവിൽ വിൻസന്റ് മാസ്റ്ററുടെ സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങുക തന്നെ ചെയ്തു അദ്ദേഹം. അടിമുടി പ്രൊഫഷണലാണല്ലോ നസീർ.
പ്രാണഭയം ഉള്ളതിനാൽ അങ്ങേയറ്റം കരുതലോടെയായിരുന്നു അഭിനയം. പാട്ടിനൊത്ത് ചുണ്ടനക്കുന്നതോടൊപ്പം പാമ്പുകളുടെ ചെറിയ ചലനങ്ങൾ പോലും ഇടംകണ്ണിട്ട് ശ്രദ്ധിക്കുകയും വേണം. “ഷൂട്ടിംഗ് പാതി പിന്നിട്ടപ്പോഴാണ് അതിൽ ഒരുത്തൻ പതുക്കെ എന്‍റെ കാൽമുട്ട് ലക്ഷ്യമാക്കി വരുന്നത് കണ്ടത്. ഞെട്ടിപ്പോയി. പാട്ടിനും പാമ്പിനുമിടയ്ക്ക് കുടുങ്ങിപ്പോയതു പോലുള്ള അനുഭവം. മൂർഖൻ മുട്ടിന്മേൽ കയറി ഇഴഞ്ഞു തുടങ്ങിയപ്പോഴേ വിൻസന്റ് മാസ്റ്റർ കട്ട് പറഞ്ഞുള്ളൂ. അപ്പോഴത്തെ എന്‍റെ ഭാവം കണ്ട് സ്വതേ ഗൗരവക്കാരനായ അദ്ദേഹം പോലും ചിരിച്ചു പോയിട്ടുണ്ടാകും. ഭാഗ്യത്തിന് അടുത്ത ഷോട്ടിൽ പാമ്പുകളെ കുറച്ച് അകലെ നിർത്താൻ സമ്മതിച്ചു മാസ്റ്റർ. എങ്കിലും ആ സീൻ ഇന്ന് കാണുമ്പോഴും എന്‍റെ മുഖത്തെ ഭയപ്പാട് നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല.”
അതിനു രണ്ടു വർഷം മുൻപ് നീലപ്പൊന്മാൻ എന്ന ഉദയാ ചിത്രം മുണ്ടക്കയത്തിനു സമീപം ഒരു എസ്റ്റേറ്റിൽ ചിത്രീകരിച്ചപ്പോഴും വിഷപ്പാമ്പുകളുമായി ഇടപെടേണ്ടി വന്നിരുന്നു നസീറിന്. സര്‍പ്പവിഷം ശേഖരിക്കുന്ന റഷ്യൻ ശാസ്ത്രജ്ഞന്‍ ഇവാനോവ് ആയി അഭിനയിക്കേ കയ്യിൽ കട്ടിയുള്ള ഗ്ലൗസ് അണിഞ്ഞിരുന്നതിനാൽ അന്നതത്ര പ്രശ്നമായി തോന്നിയില്ല. എന്നാൽ “കണ്ണപ്പനുണ്ണി”യിലെ പാട്ട് അഭിനയിച്ചു തീർന്നപ്പോഴേക്കും പേടിച്ചു വിയർപ്പിൽ കുളിച്ചിരുന്നു താനെന്ന് നസീർ.
“സിനിമ തൊഴിലായി മാറുമ്പോൾ എന്ത് സാഹസത്തിനും മുതിരേണ്ടി വരും നമ്മൾ. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ പ്രസക്തിയില്ല ”– നസീറിന്റെ വാക്കുകൾ.
— രവിമേനോൻ (സ്റ്റാർ ആൻഡ് സ്റ്റൈൽ, 2020 മെയ് ലക്കത്തിലെ ലേഖനത്തിൽ നിന്ന്)