‘മറുനാടന്‍ മലയാളി’ക്കെതിരെ ‘മിന്നല്‍ മുരളി’ ടീം

മിന്നല്‍ മുരളി ചിത്രത്തിന്റെ സെറ്റ് പൊളിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയാ പോളിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടലിനെതിരെ പരാതിയുമായി നിര്‍മ്മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേ്‌ഴ്‌സ്. സെറ്റ് പൊളിച്ചതിന് പിന്നില്‍ നിര്‍മ്മാതാക്കള്‍ തന്നെയാണോ എന്ന ചോദ്യത്തോടെയായിരുന്നു വാര്‍ത്തനല്‍കിയത്. രണ്ട് ലക്ഷം രൂപയ്ക്ക് നിര്‍മ്മാതാവ് തന്നെ ക്വട്ടേഷന്‍ നല്‍കിയതാണോ എന്നും വാര്‍ത്തയില്‍ സംശയമുന്നയിക്കുന്നുണ്ടായിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്നും ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണെന്നുമാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേ്‌ഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേ്‌ഴ്‌സിന്റെ വാര്‍ത്താകുറിപ്പ്…
ഞങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി സോഫിയ പോളിനെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയേയും വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പങ്ക് വെച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ എല്ലാവരും തന്നെ ഇപ്പോള്‍ കടന്ന് പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേ വരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.
വ്യാജവാര്‍ത്ത നല്‍കിയ ആ ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഞങ്ങള്‍ നിയമപരമായി നീങ്ങുവാന്‍ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടര്‍ത്തുന്നതുമായ ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി ഷെയര്‍ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു.
കുറ്റവാളികള്‍ക്ക് എതിരായ നിയമനടപടികള്‍ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.