പ്രകാശന്‍ പറക്കട്ടെ’ പുതിയ പോസ്റ്ററിലൊരു സംശയം

‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകാശന്‍ പറക്കട്ടെ’. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേര്‍ന്നാണ് ഒരുക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ചിത്രം നവാഗതനായ ഷഹദ് സംവിധാനം നിര്‍വഹിക്കുന്നു. എട്ടുവര്‍ഷത്തോളമായി സഹസംവിധായകനായ ശേഷമാണ് ഷഹദ് സ്വതന്ത്ര സംവിധായകനാകുന്നത്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റായിരുന്നു ഷഹദ്.

‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ദിലീഷ് പോത്തന്‍, മാത്യു തോമസ്, നിഷ സാരംഗ് എന്നിവരടങ്ങുന്ന ചിത്രമാണുള്ളത്. പോസ്റ്ററിന് താഴെയുള്ള രസകരമായ കമന്റുകളാണ് ശ്രദ്ധേയമായത്. നാല് പേര്‍ ഒന്നിച്ച് എങ്ങനെയാണ് ബൈക്കില്‍ പോവുന്നതെന്നായിരുന്നു സംശയം. നിഷ സാരംഗ് വായുവില്‍ ഇരിയ്ക്കുകയാണോ?. അതല്ല പോസ്റ്റര്‍ ഫോട്ടോഷോപ്പ് ചെയ്തതാണോ?. ഇങ്ങനെ രസകരമായ കമന്റുകള്‍ പലതുമുണ്ടായി. പക്ഷേ അപ്പോഴേയ്ക്കും മറുപടിയുമായി കമന്റില്‍ സ്‌പ്ലെന്റര്‍ ആരാധകരെത്തി. അങ്ങനെ തങ്ങളുടെ ഇഷ്ട ബൈക്കായ സ്‌പ്ലെന്ററിനെ വില കുറച്ച് കാണാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌പ്ലെന്ററിന് പിറകില്‍ കമ്പി നീണ്ടു കിടക്കുമെന്നും അതിലാണ് നിഷ ഇരിയ്ക്കുന്നതെന്നുമാണ് കണ്ടെത്തല്‍. ഏതായാലും പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം സ്‌പ്ലെന്റര്‍ ബൈക്കും വീണ്ടും ഹിറ്റായിരിക്കുകയാണ്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ എത്തിയ സമയത്താണ് ഇതിന് മുന്‍പ് സിനിമാപ്രേമികളുടെ മനസ്സില്‍ സ്‌പ്ലെന്റര്‍ സ്ഥാനം പിടിച്ചത്.

ധ്യാന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം. ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്‌.