മോദിക്ക് ജന്മദിന സമ്മാനം നല്‍കി അക്ഷയ് കുമാറും, പ്രഭാസും..

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഒരു പ്രത്യക സമ്മാനവുമായാണ് ബോളിവുഡ് താരം അക്ഷയ് കുമാറും പ്രഭാസും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ ജീവചരിത്രം പ്രമേയമാകുന്ന മാന്‍ ബൈരാഗിയുടെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇരുവരും രാജ്യതലവന് ജന്മദിന സമ്മാനമൊരുക്കിയത്. പ്രധാനമന്ത്രിയുടെ 69-ാം പിറന്നാളിനോടനുബന്ധിച്ച് താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെക്കുകയായിരുന്നു.

സഞ്ജയി ലീല ബന്‍സാലിയുടേയും മഹാവീര്‍ ജയിന്റേയും സവിശേഷ ഫീച്ചര്‍ സിനിമയായ മാന്‍ ബൈരാഗിയുടെ ഫസ്റ്റ് ലുക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയതില്‍ ഒരു പാട് സന്തോഷമുണ്ടെന്നും പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് അക്ഷയ് കുമാര്‍ പറഞ്ഞു. പോസ്റ്റിനൊപ്പം പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും അക്ഷയ്കുമാര്‍ മറന്നില്ല.

ഒരു സവിശേഷ വ്യക്തിക്ക് സവിശേഷ വ്യക്തി ഒരുക്കുന്ന ഒരു സവിശേഷ സിനിമയാണിത്. പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാഹുബലി താരം പ്രഭാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അറിയപ്പെടാത്ത കഥയാണ് സിനിമയിലൂടെ വ്യക്തമാക്കുന്നതെന്നും താരം പറഞ്ഞു.

പ്രധാനമന്ത്രിയെ കുറിച്ച് ആരും അറിയാത്ത കഥകളും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളേയും കോര്‍ത്തിണക്കിയാണ് സിനിമ ചെയ്തതെന്ന് സഞ്ജയ് ലീല ബന്‍സാലി അറിയിച്ചു. അദ്ദേഹത്തിന്റെ അറിയപ്പെടാത്ത കാര്യങ്ങള്‍ ജനങ്ങള്‍ അറിയണമെന്നും ബന്‍സാലി പറഞ്ഞു.

സിനിമ ഡിസംബറോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലി, മഹാവീര്‍ ജയിന്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സഞ്ജയ് ത്രിപാഠിയാണ്. ഈയിടെ ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്ത നരേന്ദ്ര മോദി എന്ന മറ്റൊരു ചിത്രവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.