മനം കവര്‍ന്ന് ഗന്ധര്‍വ്വന്‍..!

മലയാളികളുടെ ഏവരുടെയും പ്രിയപ്പെട്ട അവതാരകനും ഹാസ്യ താരവുമായ പിഷാരടിയുടെ രണ്ടാം സംവിധാന സംരഭം ഗാനഗന്ധര്‍വ്വന്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിയിരിക്കുകയാണ്. നല്ല കഥയുടെ പിന്‍ബലവും വ്യത്യസ്ഥ അവതരണവുമായെത്തിയ ചിത്രം പല വികാരങ്ങളാണ് ഒരു പ്രേക്ഷകന് സമ്മാനിക്കുന്നത്. ഒപ്പം മലയാളത്തിന്റെ അഭിനയ ഗന്ധര്‍വ്വന്‍ മമ്മൂക്കയുടെ നിറ സാന്നിധ്യവും ഏപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന അത്ഭുത പ്രകടനവും ചേര്‍ന്നതോടെ ചിത്രം ഒരു നല്ല അനുഭവമായി തന്നെയാണ് അനുഭവപ്പെടുന്നത്.

പിഷാരടി എന്ന സംവിധായകന്റെയും ഹരി പി നായര്‍ എന്ന തിരക്കഥാകൃത്തിന്റെയും വളര്‍ച്ച തന്നെയാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സൂചിപ്പിക്കുന്നത്. ആദ്യ ചിത്രമായ പഞ്ചവര്‍ണ തത്തയെ അപേക്ഷിച്ച് ഒരുപാട് കാര്യങ്ങള്‍ രമേഷ് പിഷാരടി എന്ന സംവിധായകനില്‍ നിന്നും ആവശ്യപ്പെടുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. അതിന് മമ്മൂക്ക എന്ന അതുല്യ നടന്റെ നിറഞ്ഞ സാന്നിധ്യവും മിതത്വം പാലിക്കുന്ന അഭിനയവും പിന്തുണയായതോടെ കലാസദന്‍ ഉല്ലാസിന്റെ കഥാപാത്രം പൂര്‍ണമാവുകയായിരുന്നു. ചിത്രത്തിലെ വ്യത്യസ്തമായ ഒരു വലിയ താരനിര കഥയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, സിദ്ദിഖ് എന്നീ സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ചിത്രത്തിന് ആവശ്യ ഘട്ടങ്ങളില്‍ വേണ്ട ഊര്‍ജം നല്‍കി.

ഒരു സിനിമയുടെ ജോണറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പല മനുഷ്യ വികാരങ്ങളെയും ചിത്രത്തില്‍ പ്രതിപദിക്കുന്നുണ്ട് എന്നതാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സമൂഹത്തിലെ പല പ്രധാന വിഷയങ്ങളെയും സറ്റയറിക്കല്‍ കോമഡിയിലൂടെ രസകരമായി അവതരിപ്പിച്ചത് പിഷാരടി എന്ന സംവിധായകന്റെ നര്‍മ്മബോധത്തെക്കുറിച്ച് വ്യക്തമാക്കുന്നു. ഡ്യൂക്ക് ഉപയോഗിച്ച് മീന്‍ വില്‍ക്കാന്‍ നടക്കുന്ന ധര്‍മ്മജന്റെ കഥാപാത്രം ആക്‌സിഡന്റായി നിര്‍ണായക സമയത്ത് ഹോസ്പിറ്റലിലാവുന്നത് അതിന് ഒരു ഉദാഹരമാണ്. ഒപ്പം തന്നെ അഴകപ്പന്‍ എന്ന സംവിധായകന്റെ ഛായാഗ്രഹണം ഏറെ പ്രത്യേകതകള്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ കുറച്ചുകൂടി പുതിയ ഫ്രെയ്മുകളും ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി.

സംഗീതത്തിന് ഒരുപാട് സാധ്യതകളുള്ള ഗാനഗന്ധര്‍വ്വനിലെ ഗാനങ്ങള്‍ എല്ലാം തന്നെ വളരെ വ്യത്യസ്തമാണ്. ദീപക് ദേവ് എന്ന സംഗീത സംവിധായകന്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് നല്‍കിയ സമ്മാനങ്ങളായാണ് ചിത്രത്തിലെ മിക്ക ഗാനങ്ങളും അനുഭവപ്പെട്ടത്. ലിജോ പോളിന്റെ കൃത്യമായ ചിത്രസംയോജനവും ചിത്രത്തിന് ആവശ്യമായിരുന്ന തുടര്‍ച്ച നല്‍കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ ഉള്ളടക്കം ഒറ്റ വാക്കില്‍ പറയാന്‍ കഴിയില്ല. പിഷാരടി എന്ന സംവിധായകന്റെ പക്കല്‍ ഒരുപാട് മരുന്നുകള്‍ ഇനിയും ബാക്കിയുണ്ട് എന്നതിന് തെളിവാണ് ഗാനഗന്ധര്‍വ്വന്‍. മലയാളത്തില്‍ ഒരു നല്ല സംവിധായനും തിരക്കഥാകൃത്തും വളര്‍ന്ന് വരുന്നുണ്ടെന്നത് തന്നെയാണ് ഹരി പി നായര്‍ എന്ന ഗാനഗന്ധര്‍വന്റെ തിരക്കഥാകൃത്തും പിഷാരടി എന്ന ഹ്യൂമറസ് സംവിധായകനും കാണിച്ച് തരുന്നത്.