ചിരിപ്പിക്കും ‘പിടികിട്ടാപ്പുള്ളി’ പക്ഷേ…

നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ‘പിടികിട്ടാപ്പുള്ളി’ ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ജിയോ കണക്ഷന്‍ ഉള്ള എല്ലാ പ്രേക്ഷകര്‍ക്കും ഈ ചിത്രം സൗജന്യം ആയി കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച ചിത്രം ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയെങ്കിലും ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ഉണ്ടാക്കിയിട്ടുള്ളത്. നര്‍മ്മവും ത്രില്ലറും ഒരുമിപ്പിച്ച് കൊണ്ടുപോകാനായ ചിത്രത്തിന് പക്ഷേ തിയേറ്റര്‍ റിലീസ് ഇല്ലാത്തത് കനത്ത നഷ്ടമാണ്. കുടുംബമൊന്നിച്ചുള്ള ചിരിമേളങ്ങള്‍ തന്നെയാണ് ഇത്തരം ചിത്രങ്ങളുടെ വിജയം. ഒരു വ്യക്തി പ്രതികാരത്തിനിറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് അറിഞ്ഞും അറിയാതെയും പൊല്ലാപ്പ് പിടിച്ച് ഓടുന്ന ഒരുകൂട്ടം മനുഷ്യരുടെ ഹാസ്യകഥയാണ് പിടികിട്ടാപ്പുള്ളി. യുക്തി മാറ്റിവെച്ച് നിഷ്‌കളങ്കമായി ചിരിയ്ക്കാന്‍ ഇഷ്ടമുള്ളവരെ ചിത്രം തീര്‍ച്ചയായും നിരാശപ്പെടുത്തില്ല. ഗൗരവമായ ഒരു സന്ദര്‍ഭത്തെയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഹാസ്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിട്ടുള്ളത്. റാംജി റാവു സ്പീക്കിംഗി പോലുള്ള ചിത്രങ്ങള്‍ കണ്ട മലയാളികള്‍ക്ക് ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ടാകും.

തിരക്കഥ, സംഭാഷണം സുമേഷ് വി റോബിന്‍ ആണ് ഒരുക്കിയിട്ടുള്ളത്. കോമഡി തുടങ്ങുന്നതിന് മുന്‍പ് തന്നെ ചീറ്റി പോകുന്ന നിമിഷങ്ങള്‍ പിടികിട്ടാപുള്ളിയിലും കാണാം. അനാവശ്യ ഡയലോഗുകളും, കൗണ്ടറുകളും ചിലപ്പോഴൊക്കെ മുഷിപ്പിക്കുന്നുണ്ട്. കോമഡി ഏല്‍ക്കണമെന്ന നിര്‍ബന്ധമുള്ള പശ്ചാതലസംഗീതവും പലപ്പോഴും അരോജകമാണ്. ലളിതമായി ആര്‍ക്കും മനസ്സിലാകുന്ന കഥയ്ക്ക് ഹാസ്യാവതരണം എന്നതേ പിടികിട്ടാപ്പുള്ളിയെ കാണാവൂ. എഡിറ്റര്‍ ബിബിന്‍ പോള്‍ സാമുവേലിന്റെ ചിത്രസംയോജനം കഥയ്‌ക്കൊപ്പം നീങ്ങിയപ്പോള്‍, അന്‍ജോയ് സാമുവേല്‍ ഛായാഗ്രഹണം അത്ര മികച്ച അനുഭവമല്ല നല്‍കിയത്. സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു, നവാസ് തുടങ്ങിയവരെല്ലാം റോളുകള്‍ ഭംഗിയാക്കി. സണ്ണി വെയ്ന്‍, മെറീനാ മൈക്കിള്‍, അഹാന കൃഷ്ണ തുടങ്ങിയവരും നന്നായിരുന്നു.