പ്രിയങ്ക ചോപ്രയുടെ യൂണിസെഫ് സ്ഥാനത്തിനെതിരെ പാക്കിസ്ഥാനില്‍ ഹര്‍ജി…

യൂണിസെഫ് ഗുഡ്വില്‍ അമ്പാസിഡറായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഒരു കൂട്ടം ആളുകള്‍ പ്രിയങ്കക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകന്നത്. 3519 ഓളം പേരാണ് ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അനുമോദിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വാക്കുകളാണ് ഹര്‍ജിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദി ക്യാമ്പിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസന്നഹമായൊരു പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ യൂണിസെഫ് ഗുഡ്വില്‍ അമ്പാസിഡറായ പ്രിയങ്കയുടെ പ്രതികരണം പക്ഷപാതപരമായി പോയെന്നും നിഷ്പക്ഷമായ സമീപനമല്ല പ്രിയങ്ക സ്വീകരിച്ചതെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടികാണിക്കുന്നത്. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് ഗുഡ്വില്‍ അമ്പാസിഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്കയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

”ആണവശേഷിയുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം നാശത്തിലേക്കും മരണത്തിലേക്കും മാത്രമേ നയിക്കൂ. യൂണിസെഫിന്റെ ഗുഡ്വില്‍ അമ്പാസിഡര്‍ എന്ന രീതിയില്‍ നിഷ്പക്ഷമായ സമീപനമായിരുന്നു പ്രിയങ്ക സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ അവരുടെ ട്വീറ്റ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനോട് താല്‍പ്പര്യം കാണിക്കുന്ന രീതിയിലുള്ളതായിരുന്നു. ഗുഡ്വില്‍ അമ്പാസിഡര്‍ സ്ഥാനത്തിന് പ്രിയങ്ക അര്‍ഹയല്ല,” എന്നാണ് ഹര്‍ജിക്കാരുടെ വാദം. 2016 ലാണ് ഗ്ലോബ്ബല്‍ യൂണിസെഫ് ഗുഡ്വില്‍ അമ്പാസിഡറായി പ്രിയങ്ക നിയമിതയായത്. യു എന്നിനേയും യൂണിസെഫിനെയും ടാഗ് ചെയ്തു കൊണ്ടുള്ള പെറ്റീഷന്‍ ഇതുവരെ 3519 ഓളം ഒപ്പുകള്‍ ശേഖരിച്ചുകഴിഞ്ഞു.

പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റ്