ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.. പുതുമുഖനായികയെത്തേടി വിനയന്‍…

20 വര്‍ഷങ്ങള്‍ക്കു ശേഷം ‘ആകാശഗംഗ’ എന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയന്‍. 1999 ല്‍ ഹൊററും കോമഡിയും കൂട്ടിയിണക്കി സംവിധായകന്‍ വിനയന്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. മുകേഷ്, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം പിന്നീട് ‘അവളാ ആവിയാ’ എന്ന പേരില്‍ തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍. ഒപ്പം ചിത്രത്തിലേക്ക് ഒരു പുതുമുഖ നായികക്കുള്ള അവസരവുമായാണ് വിനയന്‍ എത്തിയിരിക്കുന്നത്.

മാണിക്യശ്ശേരി എന്ന ഒരു കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായ് പരിണമിക്കുന്നതും അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങളുമായിരുന്നു ആദ്യ ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു നിര്‍വഹിച്ചത്.

‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം പൂര്‍ത്തിയായതിനു ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കുമെന്നും വ്യക്തമാക്കുകയാണ് വിനയന്‍. ജയസൂര്യ നായകനാവുന്ന ‘നങ്ങേലി’ എന്ന ചരിത്രസിനിമയുടെയും അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റ്…

” പ്രിയ സുഹൃത്തുക്കളെ..
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിൻെറ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും “നങ്ങേലി” എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു..
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും ”