
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊരുമിക്കുന്ന ചിത്രം ‘പ്രേട്രിയറ്റി’ൻ്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളടങ്ങിയ ശ്രീലങ്കയിൽ നിന്നുള്ള ചിത്രീകരണ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ശ്രീലങ്കൻ എയർബേസിൽ നിന്നുള്ള ദൃശ്യങ്ങളിൽ സിനിമയിലെ ഗെറ്റപ്പിലാണ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി. ക്ലച്ചസ് പിടിച്ചാണ് മോഹൻലാൽ ക്യാമറയ്ക്ക് മുൻപിലെത്തുന്നത്. എയർഫോഴ്സ് യൂണിഫോമിലാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും.
ഒറിജിനൽ ഫൈറ്റർ എയർക്രാഫ്റ്റുകളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്‌തമാക്കുന്നതാണ് ദൃശ്യങ്ങൾ. വൻസ്വീകാര്യതയാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘പ്രേട്രിയറ്റ്’ പൂർത്തിയായത്. ‘ട്വൻ്റി 20’ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്‌റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.