പാര്‍വതിയുടെ വര്‍ത്തമാനം തീയറ്ററുകളിലേക്ക്

പാര്‍വതി നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന്റെ റലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ആര്യാടന്‍ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തിരസ്‌ക്കാരങ്ങളെ അതിജീവിച്ച് വര്‍ത്തമാനം എത്തുന്നു എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജെഎന്‍യു സമരം പ്രമേയമായ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു.മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നത്.ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം.ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്.