യുവാക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ സിനിമാതാരങ്ങള്‍ മിണ്ടാതിരിക്കുന്നത് അന്യായം; പ്രതിഷേധങ്ങളിലെ പ്രമുഖരുടെ നിശബ്ദതയ്‌ക്കെതിരെ പാർവതി തിരുവോത്ത്

','

' ); } ?>

യുവാക്കളുടെ പിന്തുണയോടെ പണവും അധികാരവും പ്രശസ്തിയും നേടിയ സിനിമാതാരങ്ങള്‍, അതേ യുവാക്കള്‍ തെരുവില്‍ ആക്രമിക്കപ്പെടുകയും നീതിനിഷേധം നേരിടുകയും ചെയ്യുമ്പോള്‍ നിശബ്ദത പാലിക്കുന്നത് അന്യായമാണെന്ന് നടി പാര്‍വതി തിരുവോത്ത്. ഒരു വാക്ക് കൊണ്ട് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന പ്രമുഖര്‍ ഭയം മൂലമാണ് മിണ്ടാതിരിക്കുന്നതെന്നും, ‘എനിക്ക് രാഷ്ട്രീയമില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന കാലം കഴിഞ്ഞെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍, സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ളവരുടെ നിശബ്ദതയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

തങ്ങളുടെ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തപ്പോഴും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തപ്പോഴും അമ്പത് രൂപ അധികം ചെലവാക്കി തിയേറ്ററുകളിലെത്തി സിനിമകളെ വിജയിപ്പിക്കുന്നത് രാജ്യത്തെ ചെറുപ്പക്കാരാണ്. പാലഭിഷേകമടക്കം നടത്തി തങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട മണിക്കൂറുകള്‍ സിനിമയ്ക്കായി മാറ്റിവെക്കുന്നതും ഈ യുവാക്കളാണ്. എന്നാല്‍, അതേ യുവാക്കള്‍ക്കു നേരെ ഭരണകൂടം ലാത്തിച്ചാര്‍ജ് നടത്തുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍ താരങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷരാകുന്നത് വഞ്ചനാപരമായ നിലപാടാണെന്ന് പാര്‍വതി പറഞ്ഞു.

എല്ലാവരാലും ഇഷ്ടപ്പെടണമെന്ന ആഗ്രഹവും അടുത്ത ചിത്രം പുറത്തിറങ്ങുമ്പോള്‍ ജനപ്രീതി നഷ്ടപ്പെടുമോയെന്ന ഭയവുമാണ് പലരെയും തുറന്നുപറച്ചിലുകളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. നല്ല കാര്യങ്ങളെല്ലാം ഇല്ലാതാവുകയും വംശഹത്യകളും കാലാവസ്ഥാ വ്യതിയാനവും സാധാരണവത്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് എത്രകാലം നിശബ്ദരായിരിക്കാന്‍ കഴിയുമെന്ന് താരം ചോദിക്കുന്നു.

തന്റെ സിനിമകള്‍ ആളുകള്‍ കാണരുതെന്ന് കരുതിയല്ല ഇത്തരം വിഷയങ്ങളില്‍ സംസാരിക്കുന്നത്. അനീതി കണ്ടിട്ട് മിണ്ടാതിരുന്നാല്‍ രാത്രി ഉറങ്ങാന്‍ കഴിയില്ലെന്നതിനാലാണ് തുറന്നുപറയുന്നത്. വ്യക്തിപരമായി വെറുക്കുന്നവര്‍ പോലും തന്റെ അഭിനയത്തെ അംഗീകരിക്കാറുണ്ടെന്നും, ചെറുപ്പക്കാരുടെ ചെലവില്‍ പ്രശസ്തിയും പണവും നേടിയവര്‍ അവര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

പാർവതിയുടെ വാക്കുകൾ;

”നീ എന്തുകൊണ്ട് ഇതേക്കുറിച്ച് സംസാരിച്ചു, പക്ഷെ ഇതിനെക്കുറിച്ച് സംസാരിച്ചില്ല എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ അത് എന്നോടുള്ള അന്യായമായി ഞാന്‍ ചിന്തിച്ചിട്ടില്ല. സാധാരണക്കാരായ, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ ഉള്ളതിനാലാണ് ചിലര്‍ക്ക് പ്രത്യേക പരിഗണനകളും സ്വീകാര്യതയും ലഭിക്കുന്നത്. ഈ ഇന്‍ഡസ്ട്രിയയില്‍ യുവാക്കള്‍ ആരാധിക്കുന്ന അഭിനേതാക്കളും സംവിധായകരും എഴുത്തുകാരുമുണ്ട്. ചെറുപ്പക്കാരാണ് അവരുടെ സിനിമകളെ വിജയിപ്പിക്കുന്നത്. അവര്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഒരാള്‍ പോലും വന്ന് സംസാരിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണ്.

യുവാക്കളാണ് അവര്‍ക്ക് പവര്‍ നല്‍കുന്നത്. അവരുടെ സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത് ചെറുപ്പക്കാരാണ്. പക്ഷെ പെട്ടെന്ന് നിങ്ങള്‍ നിശബ്ദരാവുകയും, എവിടെയും കാണാന്‍ ഇല്ലാതാവുകയും ചെയ്യുന്നു. അത് വണ്‍ സൈഡ് റിലേഷന്‍ഷിപ്പാണ്, അന്യായമാണ്.

പാലഭിഷേകവും മറ്റും നടത്തിയും തങ്ങളുടെ ജീവിതത്തിന്റെ മണിക്കൂറുകള്‍ നല്‍കിയും അവര്‍ സിനിമകളെ ആഘോഷിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തപ്പോഴും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാത്തപ്പോഴും അമ്പത് രൂപ അധികം ചെലവിട്ട് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള അവരെ രാജ്യം ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ നിശബ്ദരായിരിക്കുകയാണ്. അത് അന്യായമാണ്. അഭിനേതാവിന് രാഷ്ട്രീയമില്ലെന്ന് പറയുന്ന കാലം കഴിഞ്ഞിരിക്കുന്നു. പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അങ്ങനെ പറയാമായിരുന്നു. പക്ഷെ ഇപ്പോള്‍ നടക്കില്ല.

നമ്മള്‍ നല്ലതെന്ന് ചിന്തിച്ചിരുന്നതെല്ലാം ഇല്ലാതായൊരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. നമ്മുടെ രാജ്യമുള്‍പ്പടെ പലയിടത്തും വംശഹത്യ നടക്കുന്നു, അതിനെ നോര്‍മലൈസ് ചെയ്യുകയാണ്, ക്ലൈമറ്റ് ചേഞ്ചിനെ അവഗണിക്കാനാകില്ല. ഇതെല്ലാം കൂടുതല്‍ മോശമാവുകയേയുള്ളൂ. എത്രകാലം നിങ്ങള്‍ നിശബ്ദരായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ ഒരു വാക്കിന് മാറ്റം കൊണ്ടു വരാന്‍ സാധിക്കുമെന്ന് അറിയുമ്പോള്‍.

ഭയമാണ് നിങ്ങളെ പിന്നോട്ട് വലിക്കുന്നത്. കാരണം, എല്ലാവരാലും ഇഷ്ടപ്പെടണമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്. അടുത്ത സിനിമ പുറത്ത് വരുമ്പോള്‍ പഴയ അതേ സ്‌നേഹമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് അന്യായമാണ്. എന്റെ സിനിമകള്‍ ആളുകള്‍ കാണരുതെന്ന് കരുതിയല്ല ഞാന്‍ തുറന്ന് സംസാരിക്കുന്നത്. ഭാഗ്യവശാല്‍ എന്നെ വെറുക്കുന്നവരും പറയുക, ഇവളെ എനിക്ക് ഇഷ്ടമില്ല പക്ഷെ ഈ സിനിമയില്‍ ഇവള്‍ നന്നായിരുന്നുവെന്നാകും. രാത്രി ഉറങ്ങാന്‍ സാധിക്കാത്തതിനാലാണ് ഞാന്‍ തുറന്ന് സംസാരിക്കുന്നത്. യൂത്തിന്റെ ചെലവില്‍ പണവും അധികാരവും നേടിയവര്‍, അവര്‍ ആക്രമിക്കപ്പെടുകയും നിശ്ബദരാക്കപ്പെടുകയും ചെയ്യുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ല”.