“നല്ല സിനിമയും മികച്ച പ്രകടനവുമാണെങ്കിൽ പ്രേക്ഷകർ എന്നെ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിച്ചിട്ടുണ്ട്”; പാർവതി തിരുവോത്ത്

','

' ); } ?>

സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ കരിയറിലെ വലിയൊരു വിജയത്തിന്റെ തിളക്കത്തിലാണ് നടി പാർവതി തിരുവോത്ത്. സി.പി.ഒ. അലീനയായി താരം വേഷമിട്ട ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്നതിനിടയിലാണ് നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പാർവതി മനസ്സ് തുറന്നത്.

രണ്ട് ദശാബ്ദക്കാലത്തെ അഭിനയജീവിതത്തിനിടയിൽ ലഭിച്ച ഈ വിജയം തനിക്ക് ഒരു ബോണസ് പോയ്ന്റായാണ് അനുഭവപ്പെടുന്നതെന്ന് പാർവതി പറയുന്നു. താൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒരു ചിത്രം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് തിയറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രം വലിയ വിജയമാക്കിയതിന് എല്ലാ പ്രേക്ഷകർക്കും താരം നന്ദിയും അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ സൈബർ ആക്രമണങ്ങളും ട്രോളുകളും ഉണ്ടാകുമ്പോഴും പ്രേക്ഷകർ നല്ല സിനിമകളെ എന്നും ചേർത്തുപിടിക്കാറുണ്ടെന്ന് പാർവതി വ്യക്തമാക്കി. ‘ഉയരെ’ സിനിമയുടെ റിലീസ് സമയത്താണ് ഇത് താൻ കൂടുതൽ തിരിച്ചറിഞ്ഞത്. എന്തുതരം നിലപാടുകളോ ആക്ടിവിസമോ പറഞ്ഞാലും നല്ല സിനിമയും മികച്ച പ്രകടനവുമാണെങ്കിൽ പ്രേക്ഷകർ ഒരിക്കലും തന്നെ കൈവിടില്ലെന്ന് താരം പറഞ്ഞു. ‘ചാർലി’, ‘ഉയരെ’, ‘ടേക്ക് ഓഫ്’, ‘ബാംഗ്ലൂർ ഡെയ്സ്’, ‘എന്ന് നിന്റെ മൊയ്ദീൻ’ തുടങ്ങി താൻ ചെയ്ത ഭൂരിഭാഗം സിനിമകളും പ്രേക്ഷകർ വലിയ വിജയമാക്കി മാറ്റിയത് ഈ വിശ്വാസത്തിന് അടിവരയിടുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.

പാർവതിയുടെ വാക്കുകൾ;

“സിനിമയിൽ ഞാൻ 20 വർഷം തികയ്ക്കുകയാണ്. ആ സമയത്ത് തന്നെ ഇത്തരമൊരു വലിയ വിജയം ലഭിച്ചത് ഒരു ബോണസ് പോയ്ന്റാണ്. ഈ വിജയം വളരെയധികം സ്പെഷ്യലാണ്. രണ്ട് ദശാബ്ദത്തിനിടയിൽ ചെയ്ത ഭൂരിഭാ​ഗം സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും വലിയ വിജയങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. ‘ചാർലി’, ‘ഉയരെ’, ‘ടേക്ക് ഓഫ്’, ‘ബാം​ഗ്ലൂർ ഡെയ്സ്’, ‘എന്ന് നിന്റെ മൊയ്ദീൻ’ തുടങ്ങി ഒട്ടേറെ സിനിമകൾ. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ ഒരുപാട് ട്രോളുകൾ വരുകയും സൈബർ ആക്രമണം നടക്കുകയും ചെയ്യുന്ന സമയത്താണ് ‘ഉയരെ’ എന്ന സിനിമ റിലീസ് ചെയ്യുന്നതും അത് പ്രേക്ഷകർ വലിയ വിജയമാക്കുകയും ചെയ്തത്.

അപ്പോൾ മുതൽ ഞാൻ മനസിലാക്കിയ കാര്യം, നമ്മൾ എന്തുതരം ആക്ടിവിസം പറഞ്ഞാലും നിലപാട് എടുത്താലും അതിന്റെ പേരിൽ ഒരിക്കലും പ്രേക്ഷകർ നമ്മുടെ സിനിമയെ തള്ളിക്കളയില്ല എന്നതാണ്. നല്ല സിനിമയും മികച്ച പ്രകടനവുമാണെങ്കിൽ പ്രേക്ഷകർ എന്നെ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിച്ചിട്ടുണ്ട്.

അതിലെനിക്ക് ഏറെ സന്തോഷമുണ്ട്. ഞാൻ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ഒരു വലിയ ഇടവേള കഴിഞ്ഞാണ് തിയറ്ററുകളിലെത്തിയത്. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമ വലിയ വിജയമാക്കിയതിന് എല്ലാവരെയും നന്ദി അറിയിക്കുന്നു”.