ആകാശമാര്‍ഗം കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് സോനു സൂദ്

','

' ); } ?>

അതീവ ഗുരുതരാവസ്ഥയിലായ 25കാരിയായ കൊവിഡ് രോഗിയെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ച് നടന്‍ സോനു സൂദ്. ഭാരതി എന്ന യുവതിയെയാണ് നടന്‍ ആകാശമാര്‍ഗം ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ബാധ മൂലം ഭാരതിയുടെ ശ്വാസകോശം മുഴുവന്‍ തകാറിലായ അവസ്ഥയായിരുന്നു. ശ്വാസകോശം മാറ്റിവെക്കുകയോ വിദഗ്ദ്ധ ചികിത്സ നല്‍കുകയോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉടന്‍ തന്നെ നടന്‍ അപ്പോളോ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും എയര്‍ ആംബുലന്‍സ് ഒരുക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു. അതിന് പുറമെ താത്കാലികമായി ജീവിക്കാനുള്ള സാമ്പത്തിക സഹായവും സോനു സൂദ് അവര്‍ക്കായി നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സ്വന്തം കുടുംബത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തെ നേതാക്കളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു.

താരത്തിന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഏക പ്രതീക്ഷ സോനു സൂദാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നിങ്ങള്‍ ശരിക്കും ഒരു സൂപ്പര്‍ഹീറോ തന്നെയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം സോനു സൂദ് കൊവിഡ് വിമുക്തനായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.രോഗം ഭേദമായതില്‍ നിരവധി പേര്‍ താരത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 17നാണ് സോനു സൂദിന് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന്റെ ആദ്യ വരവില്‍ സോനു സൂദ് സാധാരണക്കാരന് തുണയായി നിന്ന വ്യക്തിയായിരുന്നു. അതിനാല്‍ തന്നെ താരത്തിന് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്ത ഏവര്‍ക്കും ദുഖമുണ്ടാക്കിയിരുന്നു. നിരവധി പേരാണ് താരത്തെ ടാഗ് ചെയ്ത് രോഗം വേഗം ഭേദമാകാന്‍ കഴിയട്ടെ എന്ന് ട്വീറ്റ് ചെയ്തത്. ‘ഗെറ്റ് വെല്‍ സൂണ്‍ സര്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു.

ഷഹീദ് ഈ ആസാം എന്ന 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സോനു സൂദ് ബോളിവുഡില്‍ എത്തുന്നത്. ആഷിക് ബനായാ ആപ്നേ, സിങ്ങ് ഈസ് കിങ്ങ്, ദബാങ്ക്, ആര്‍ രാജ്കുമാര്‍, ഹാപ്പി ന്യൂയര്‍, സിമ്പ, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അടുത്തതായി പൃഥ്വിരാജ് എന്ന ബോളിവുഡ് ചിത്രത്തിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്. മിസ് വേള്‍ഡ് മാനുഷി ഛില്ലറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അക്ഷയ് കുമാറും ചിത്രത്തിന്റെ ഭാഗമായിരിക്കും.