അര്‍ജുന്‍ കപൂറിനെ നായകനാക്കി അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘പാനിപത്തി’ന്റെ പ്രദര്‍ശനം ജയ്പൂരിലെ തിയേറ്ററുകള്‍ നിര്‍ത്തിവെച്ചു. ജാട്ട് സമുദായത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിത്രം നിര്‍ത്തിവെച്ചത്. ചിത്രത്തില്‍ തങ്ങളെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് രാജസ്ഥാനിലെ ജാട്ടുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചത്.
അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവര്‍ക്കെതിരെയും രാജസ്ഥാനില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭാരത്പൂര്‍ മഹാരാജ സൂരജ്മാലിന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചെന്ന് ചൂണ്ടികാട്ടിയാണ് രാജസ്ഥാനിലെ ജാട്ട് സമുദായത്തില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. പ്രതിഷേധക്കാര്‍ ചിത്രത്തിന്റെ സംവിധായകന്റെ കോലം കത്തിച്ചു. ഡിസംബര്‍ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.