ഛപാക്കില്‍ ആസിഡ് വിക്ടിമായി ദീപിക; ട്രെയ്‌ലര്‍ ലോഞ്ചില്‍ പൊട്ടിക്കരഞ്ഞ് താരം

അനായാസ വഴക്കത്തോടെ തന്റെ എല്ലാ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. തമാശ, ഹേ ജവാനി ഹേ ദിവാനി, പത്മാവത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ താരം ഇപ്പോള്‍ മറ്റൊരു അതുല്യ കഥാപാത്രത്തിന്റെ സൂചനകളാണ് തരുന്നത്. ആദ്യ അനൗണ്‍സ്‌മെന്റെ തൊട്ടേ തന്റെ അപ്പിയറന്‍സിലൂടെ ദീപിക വാര്‍ത്തകളിലിടം നേടിയ ഛപാക് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയെയാണ് ദീപിക ഛപാകില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി മുംബൈയിലെത്തിയ താരം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും ട്രെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്. മനു അശോകന്‍ സംവിധാനത്തില്‍ ബോബി-സഞ്ജയ് തിരക്കഥയിലൊരുങ്ങിയ ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഡ് ആക്രമണത്തെ പ്രതിപാദിക്കുന്ന ചിത്രമാണ് ഛപാക്. ചിത്രത്തിന്റെ കഥയും ലക്ഷ്മിയുടെ കഥാപാത്രവും തന്നെ ഏറെ സ്വാദീനിച്ചെന്ന് പറഞ്ഞുകൊണ്ട് ലോഞ്ചിനെത്തിയ താരം വേദിയില്‍ വെച്ച് പൊട്ടിക്കരയുകയും ചെയ്തു.

ചിത്രത്തില്‍ ‘മാല്‍തി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നീതിക്കായുള്ള മാല്‍തിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഡ് വില്‍പ്പന തടയാന്‍ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ലോക മനുഷ്യാവാകാശ ദിനമായതിനാലാണ് ഇന്ന് തന്നെ ട്രെയ്‌ലര്‍ ലോഞ്ചും നിശ്ചയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്ക്’. ഇതാദ്യമായാണ് മേഘ്നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. ഒപ്പം നിര്‍മാണ രംഗത്തേക്കുള്ള ദീപികയുടെ ചുവടുവയ്പും ഛപാക്കിലൂടെയാണ്.