വൈകിയെത്തുന്ന ”പദ്മ” ഭൂഷണമോ?

പല പ്രശസ്തര്‍ക്കും മരണം വരെ കാത്തിരിക്കേണ്ടിയിരുന്നോ ‘ പദ്മ’ ബഹുമതി ചാര്‍ത്തിക്കൊടുക്കാന്‍ എന്ന് ചോദിക്കുകയാണ് സംഗീതനിരൂപകനും എഴുത്തുകാരനുമായ രവി മേനോന്‍.എസ് പി ബാലസുബ്രഹ്മണ്യം ആദരിക്കപ്പെടുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ലേകഖന് വിഷയമുന്നയിക്കുന്നത്. തെന്നിന്ത്യയുടെ ഗാനകോകിലമായിരുന്ന പി ലീലയുടെ ദുരനുഭവവും ഇതുപോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2005 ഒക്ടോബര്‍ 31 നായിരുന്നു ലീലച്ചേച്ചിയുടെ വേര്‍പാട്. രണ്ടു മാസം കൂടി കഴിഞ്ഞ് ആ വര്‍ഷത്തെ പത്മ അവാര്‍ഡ് ജേതാക്കളുടെ പട്ടിക പുറത്തു വന്നപ്പോള്‍ അതില്‍ ലീലച്ചേച്ചിയുടെ പേരും ഉണ്ടായിരുന്നു.എസ് പി ബിയെ പോലും നൊമ്പരപ്പെടുത്തിയ അനുഭവമായിരുന്നു അത്. ജീവിച്ചിരിക്കുമ്പോള്‍ വേണം ഇത്തരം ബഹുമതികള്‍ സമ്മാനിക്കാന്‍. ഇല്ലെങ്കില്‍ കൊടുക്കാതിരിക്കുകയാണ് നല്ലത്..” ലീലച്ചേച്ചിയുടെ അനുഭവം ഒരിക്കല്‍ ചര്‍ച്ചാവിഷയമായപ്പോള്‍ എസ് പി ബി പറഞ്ഞു. ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചതിന്റെ പൂര്‍ണ്ണരൂപം താഴെ…

വൈകിയെത്തുന്ന “പദ്‌മ” ഭൂഷണമോ?

————————

മരണാനന്തരം എസ് പി ബാലസുബ്രഹ്മണ്യം ആദരിക്കപ്പെടുന്നു; രാഷ്ട്രത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയാൽ. മനം നിറയെ ആഹ്ളാദവും അഭിമാനവും മാത്രം.ഒരു ചോദ്യം എന്നിട്ടും ബാക്കി. മരണം വരെ കാത്തിരിക്കേണ്ടിയിരുന്നോ ഈ ബഹുമതി ചാർത്തിക്കൊടുക്കാൻ? വൈകിയെത്തുന്ന ഇത്തരം ബഹുമതികൾ കൊണ്ട് ആർക്കെന്തു പ്രയോജനം? താൻ വ്യാപരിക്കുന്ന മേഖലയായ സിനിമയിൽ മാത്രമല്ല നിത്യജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം നന്മയുടെ പ്രതീകമായിരുന്ന ഒരു അസാമാന്യ പ്രതിഭാശാലിക്ക് പദ്‌മവിഭൂഷൺ വർഷങ്ങൾക്ക് മുൻപേ കൈവരേണ്ടതായിരുന്നില്ലേ?ഓർമ്മ വരുന്നത് തെന്നിന്ത്യയുടെ ഗാനകോകിലമായിരുന്ന പി ലീലയുടെ ദുരനുഭവമാണ്. എസ് പി ബിയെ പോലും നൊമ്പരപ്പെടുത്തിയ അനുഭവം. 2005 ഒക്ടോബർ 31 നായിരുന്നു ലീലച്ചേച്ചിയുടെ വേർപാട്. രണ്ടു മാസം കൂടി കഴിഞ്ഞ് ആ വർഷത്തെ പത്മ അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തു വന്നപ്പോൾ അതില്‍ ലീലച്ചേച്ചിയുടെ പേരും ഉണ്ടായിരുന്നു. ലീലയ്ക്കു പദ്‌മഭൂഷൺ ശുപാര്‍ശ ചെയ്തത് ജന്മനാടായ കേരളമല്ല; തമിഴ്‌നാടാണ്. സിനിമയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരികളെ അംഗീകരിക്കാനും ആദരിക്കാനും എന്നും സന്മനസ്സു കാണിച്ചിട്ടുള്ള ജയലളിതയ്ക്ക് നന്ദി. പക്ഷെ വൈകിയെത്തിയ ആ അംഗീകാരം ആസ്വദിക്കാൻ ലീലച്ചേച്ചിയില്ലല്ലോ…ജീവിച്ചിരുന്ന കാലത്തായിരുന്നെങ്കിൽ അത്തരമൊരു ബഹുമതി ലീലച്ചേച്ചിക്ക് നല്‍കാൻ ഇടയുണ്ടായിരുന്ന അഭിമാനവും ആഹ്ളാദവും എനിക്ക് സങ്കൽപ്പിക്കാനാകും. ഇത്ര കാലം കഴിഞ്ഞിട്ടും ആരെങ്കിലുമൊക്കെ നമ്മെ ഓർക്കുന്നു എന്ന അറിവ് ആരിലാണ് സന്തോഷമുളവാക്കാത്തത്? ആ ആഹ്‌ളാദം അനുഭവിക്കാൻ പക്ഷേ ലീലയ്ക്കു ഭാഗ്യമുണ്ടായില്ല. “ജീവിച്ചിരിക്കുമ്പോൾ വേണം ഇത്തരം ബഹുമതികൾ സമ്മാനിക്കാൻ. ഇല്ലെങ്കിൽ കൊടുക്കാതിരിക്കുകയാണ് നല്ലത്..”– ലീലച്ചേച്ചിയുടെ അനുഭവം ഒരിക്കൽ ചർച്ചാവിഷയമായപ്പോൾ എസ് പി ബി പറഞ്ഞു. എന്തായാലും ലീലച്ചേച്ചിക്കും എസ് പി ബിക്കുമെല്ലാം ഒരു കാര്യത്തിൽ ആശ്വസിക്കാൻ വകയുണ്ട്. മരണാന്തരമെങ്കിലും പദ്‌മ ബഹുമതിക്ക് അർഹരായി അവരെ കണ്ടല്ലോ ബന്ധപ്പെട്ടവർ. ദേവരാജൻ മാഷിനും എം എസ് വിയ്ക്കും ബാബുരാജിനും പി ഭാസ്കരനുമൊന്നും അതിനുള്ള യോഗം പോലും ഉണ്ടാകാതെ പോയി. ജീവിച്ചിരിക്കുന്ന എസ് ജാനകിയുടേയും (ഏറെ വൈകിവന്ന ബഹുമതി അവർ നിരസിക്കുകയായിരുന്നു) ശ്രീകുമാരൻ തമ്പിയുടേയും ജയചന്ദ്രന്റെയും കാര്യവും തഥൈവ. ഹൃദയത്തെ തൊട്ട ഒരനുഭവം ഓർമ്മവരുന്നു. വർഷങ്ങൾക്ക് മുൻപാണ്, കോഴിക്കോട് ഒരു ബാബുരാജ് അനുസ്മരണം. പ്രമുഖ വ്യക്തികൾ വഴിക്കുവഴിയായി വന്ന് ബാബുരാജിന്റെ അപദാനങ്ങൾ വാഴ്ത്തുന്നു. ജീവിച്ചിരുന്ന കാലത്ത് ബാബുക്കയെ കണ്ടാൽ മാറിനടന്നിരുന്നവർ പോലുമുണ്ട് അക്കൂട്ടത്തിൽ. പക്ഷേ പ്രശംസയിൽ ആർക്കുമില്ല പിശുക്ക്. ബാബുരാജിനോട് മലയാളികൾ നന്ദികേട് കാട്ടി എന്നുവരെ വെച്ചുകാച്ചുന്നു ഒരു വിദ്വാൻ. ഒടുവിൽ, മുഖ്യാതിഥികളിൽ ഒരാളായ എം എസ് വിശ്വനാഥന്റെ ഊഴമെത്തുന്നു. മൈക്കിന് മുന്നിൽ നിന്ന് സദസ്സിനെയും വേദിയെയും താണു തൊഴുത ശേഷം മെല്ലിസൈ മന്നൻ സംസാരിച്ചു തുടങ്ങി:“സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറയുന്നു; നിങ്ങളോരോരുത്തരും ബാബുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടിട്ട്. എല്ലാം അദ്ദേഹം അർഹിക്കുന്ന വാക്കുകൾ തന്നെ. പാവമായിരുന്നു. സ്വന്തം കഴിവിന്റെ വ്യാപ്തി പോലും ശരിക്കും മനസ്സിലാകാതെ പോയ നിർഭാഗ്യവാൻ. അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല..”ഒരു നിമിഷം നിർത്തി എം എസ് വി തുടരുന്നു: “പക്ഷേ എനിക്കൊരു പരാതിയുണ്ട്: ഈ വാക്കുകളൊക്കെ ബാബു ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയാമായിരുന്നില്ലേ നിങ്ങൾക്ക്? എത്ര സന്തോഷിച്ചേനെ അദ്ദേഹം? ഇനിയിപ്പോൾ ഈ പ്രശംസകൾ കൊണ്ട് ആർക്കെന്ത് ഗുണം.?”വീണ്ടും ചെറിയ ഒരിടവേള. അതു കഴിഞ്ഞ് അതാ വരുന്നു എം എസ് വിയുടെ “പാർട്ടിംഗ് ഷോട്ട്”: സുഹൃത്തുക്കളേ, നിങ്ങൾ ആർക്കെങ്കിലും എന്നെക്കുറിച്ചു നല്ലത് വല്ലതും പറയാൻ ഉണ്ടെങ്കിൽ ഞാൻ ഉയിരോടെ ഇരിക്കുമ്പോൾ തന്നെ പറഞ്ഞുകൊള്ളുക. എന്റെ മനസ്സൊന്ന് സന്തോഷിക്കട്ടെ. നല്ല കാര്യങ്ങൾക്ക് മരണം വരെ കാത്തിരിക്കുന്നതെന്തിന്?”പലരുടെയും ചങ്കിൽ ചെന്ന് തറച്ചിരിക്കണം ആ വാക്കുകൾ. പക്ഷേ എന്തു ഫലം?–രവിമേനോൻ