
പ്രേംനസീർ എന്ന മലയാളത്തിന്റെ നിത്യഹരിത നായകൻ ഗിന്നസ് ലോകറെക്കോർഡുകൾ കീഴടക്കി വെറും 63-ാം വയസ്സിൽ വിടപറഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഏകമകൻ ഷാനവാസും തന്റെ 70-ാം വയസ്സിന്റെ ആഘോഷങ്ങളിലേക്ക് കാത്തുനിൽക്കാതെയാണ് യാത്രയായത്. ഷാനവാസ് അന്തരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. പിതാവിനെപ്പോലെ മഹാവിജയങ്ങളുടെ വൻമരമാകാൻ കഴിഞ്ഞില്ലെങ്കിലും, നൂറോളം സിനിമകളിലും ഏതാനും ടെലിസീരിയലുകളിലും അഭിനയിച്ച് സ്വന്തമായൊരു അടയാളപ്പെടുത്തൽ ബാക്കിവച്ചാണ് ആ കലാകാരൻ നമ്മോട് വിട പറഞ്ഞത്. നിർണ്ണായകമായ പല വേഷങ്ങളോ വൻവിജയങ്ങളോ അവകാശപ്പെടാനില്ലെങ്കിലും, തീർത്തും മോശപ്പെട്ട ഒരു നടനായിരുന്നില്ല ഷാനവാസ്. പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഓർമ്മപ്പൂക്കൾ
സിനിമ ഷാനവാസിന്റെ വലിയ ലക്ഷ്യമോ സ്വപ്നമോ ആയിരുന്നില്ല. ആദ്യ ചിത്രമായ പ്രേമഗീതങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ പോലും ആ മകൻ തന്റെ പേര് കളയുമോ എന്ന് ഏറെ ഭയപ്പെട്ട പ്രേം നസിർ. പിന്നീട് പ്രേമഗീതങ്ങൾ 50 ദിവസത്തിലധികം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോൾ, വൻ വിജയമായപ്പോൾ അതിന്റെ ആഘോഷച്ചടങ്ങിൽ ഏറെ അഭിമാനത്തോടെയാണ് പ്രേംനസീർ സംസാരിച്ചത്. മകനെ നടനാക്കാൻ ആഗ്രഹിക്കാതിരുന്ന, അവൻ എം.ബി.എ എടുത്ത് കാണാൻ ആഗ്രഹിച്ച പിതാവ് ചിത്രം കണ്ട് സംതൃപ്തനായി. കൃത്യനിഷ്ഠ പാലിക്കണമെന്നും, സംവിധായകനെ മാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും, അഭിപ്രായങ്ങളുണ്ടെങ്കിൽ മാറ്റി നിർത്തി സംസാരിക്കണമെന്നും, സംവിധായകൻ ‘നോ’ പറഞ്ഞാൽ തർക്കിക്കരുതെന്നും നസീർ മകനെ ഉപദേശിച്ചു. ആ വാക്ക് ഷാനവാസ് എന്നും പാലിക്കുകയും ചെയ്തു.
രജനികാന്ത് നായകനായ ‘ഗർജ്ജനൈ’ എന്ന തമിഴ് ചിത്രത്തിലാണ് ഷാനവാസ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. രജനിയുടെ സഹോദരീ കഥാപാത്രത്തിന്റെ കാമുകനായുള്ള ഒരു ചെറിയ വേഷമായിരുന്നു അത്. നസീറിനെ വെച്ച് നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള ഹേംനാഗ് പ്രൊഡക്ഷൻസിന്റെ പ്ലാനിംഗിൽ വന്ന ആ അവസരത്തിനു ശേഷം, പ്രേക്ഷകർക്ക് മുന്നിൽ അദ്ദേഹത്തിന്റെ ആദ്യ റിലീസായി എത്തിയത് 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ ആയിരുന്നുവെന്ന് മാത്രം.
എന്നാൽ, ആദ്യ ചിത്രത്തിലെ ആ തിളക്കമാർന്ന വിജയം പിന്നീട് ആവർത്തിക്കാൻ ഷാനവാസിന് കഴിഞ്ഞില്ല. അതേ കാലഘട്ടത്തിൽ സിനിമയിലെത്തിയ സമകാലികരിൽ പലരും ചെറിയ വേഷങ്ങളിൽ നിന്ന് പടിപടിയായി വളർന്നപ്പോൾ, നായകനായി തുടങ്ങിയ ഷാനവാസ് പിന്നീട് ചെറിയ വേഷങ്ങളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് മലയാള സിനിമ കണ്ടത്. തേടിവന്ന മോശം ഓഫറുകളെല്ലാം സ്വീകരിച്ചതാണ് കരിയറിന് തിരിച്ചടിയായതെന്ന് ഷാനവാസ് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. ഓഫറുകളുമായി എത്തിയ സംവിധാരിൽ പലരും പിതാവിനെ വച്ച് പടം ചെയ്തവരായിരുന്നു. കഥകൾ മോശമാണെന്ന് അറിഞ്ഞിട്ടും ‘നോ’ പറഞ്ഞാൽ പിതാവിനെ പോലെയല്ല ഇവൻ അഹങ്കാരിയാണെന്ന് മുദ്രകുത്തപ്പെടുമോ എന്ന് ഭയന്ന് പൊളിയുമെന്ന് ഉറപ്പുള്ള സിനിമകളുടെ പോലും കരാറുകളിൽ അദ്ദേഹം ഒപ്പുവെച്ചു. പിന്നീട് ‘പ്രശ്നം ഗുരുതരം’ എന്ന സിനിമയിൽ പിതാവ് പ്രേംനസീറിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ പതിയെ പതിയെ ഷാനവാസ് സിനിമയിൽ നിന്നും, സിനിമ ഷാനവാസിൽ നിന്നും അകന്നുപോയി. അംബീഷ്യസായ ഒരു നടനല്ലാതിരുന്ന അദ്ദേഹം പിന്നീട് ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും മലേഷ്യയിലും ദുബായിലുമൊക്കെയായി താമസമാക്കുകയും ചെയ്തു. പ്രിയദർശന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ചിത്ര’ത്തിൽ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട ശേഷം വീണ്ടും സിനിമയിൽ ഒരു അപൂർവ്വ അതിഥിയായി മാറി.
ദീർഘമായ ഇടവേളകൾക്ക് ശേഷം മോഹൻലാൽ ചിത്രമായ ‘ചൈനാ ടൗണി’ലൂടെ മടങ്ങിവരവിന് ശ്രമിച്ചെങ്കിലും വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. എങ്കിലും ‘സക്കറിയയുടെ ഗർഭിണികൾ’, ‘കുമ്പസാരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ നവസിനിമയുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും ഒടുവിൽ അഭിനയിച്ചത് ‘ജനഗണമന’ എന്ന ചിത്രത്തിലായിരുന്നു. ഇടയ്ക്ക് ചില തമിഴ് ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചു. സിനിമയിൽ ഇടവേളകൾ വന്നപ്പോൾ ‘ശംഖുപുഷ്പം’, ‘കടമറ്റത്ത് കത്തനാർ’, ‘അമ്മത്തൊട്ടിൽ’ തുടങ്ങിയ ടെലിസീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തെങ്കിലും, സിനിമാ നടൻ എന്ന നിലയിൽ ഷാനവാസ് ചോദിക്കുന്ന പ്രതിഫലം നൽകാൻ സീരിയലുകളുടെ സാമ്പത്തിക പരിമിതി അനുവദിക്കാതിരുന്നതിനാൽ ആ രംഗത്തും സ്ഥിരമായി നിൽക്കാൻ കഴിഞ്ഞില്ല. ആദ്യചിത്രമായ ‘പ്രേമഗീതങ്ങൾ’ തന്നെയായി അപ്പോഴും അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ്.
കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു ഷാനവാസ്. പ്രേംനസീറിന്റെയും ഹബീബാ ബീവിയുടെയും മകനായി ജനിച്ച അദ്ദേഹം, പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകൾ ആയിഷയെയാണ് ജീവിതസഖിയാക്കിയത്. ഈ ദമ്പതികൾക്ക് ഷമീർഖാൻ, അജിത് ഖാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്. പിതാവിന്റെയും മുത്തശ്ശന്റെയും പാത പിന്തുടർന്ന് ഷമീർഖാൻ ‘ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ രംഗപ്രവേശം ചെയ്തെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ ആ വഴി ഉപേക്ഷിച്ചു. പിന്നീട് മലേഷ്യയിലേക്ക് ചേക്കേറിയ ഷമീർ അവിടെ ഒരു കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകനായ അജിത്ഖാൻ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നു.
സ്വന്തം അഭിനയ ജീവിതത്തേക്കാൾ, ലോക റെക്കോർഡ് സ്ഥാപിച്ച പിതാവ് പ്രേംനസീറിന്റെ മകൻ എന്ന നിലയിലുള്ള അഭിമാനമാണ് ഷാനവാസ് എപ്പോഴും കാത്തുസൂക്ഷിച്ചത്. പിതാവിന്റെ വിശാലമനസ്കതയെക്കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനാകുമായിരുന്നു. ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയ, ജാതിമത ഭേദമന്യേ നിർദ്ധനരെ സഹായിച്ച, സഹപ്രവർത്തകരെ പ്രൊമോട്ട് ചെയ്തിരുന്ന പ്രേംനസീറിനെ ഷാനവാസും ആരാധിച്ചിരുന്നു. ‘നായാട്ട്’ എന്ന ചിത്രത്തിൽ തനിക്കായി പറഞ്ഞുറപ്പിച്ച കൂടുതൽ പ്രാധാന്യമുള്ള വേഷം ജയന് നൽകാൻ ശുപാർശ ചെയ്ത പിതാവിന്റെ വിശാലമനസ്കത ഷാനവാസ് അത്ഭുതത്തോടെയാണ് ഓർക്കാറുള്ളത്. ഒരിക്കൽ താൻ അടുത്തുചെന്നപ്പോൾ ഒരു ഡോക്ടർ വന്ന് “നിങ്ങളുടെ അച്ഛനാണ് എന്നെ പഠിപ്പിച്ച് ഈ നിലയിലാക്കിയത്” എന്ന് പറഞ്ഞ നിമിഷമാണ് മകൻ എന്ന നിലയിൽ തനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷമെന്ന് ഷാനവാസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന പ്രമാണത്തിൽ കുടുംബം പോലും അറിയാതെ അനേകം പേരെ സഹായിച്ച പിതാവായിരുന്നു അദ്ദേഹത്തിന്റെ മാതൃക.
പിതാവിന്റെ അപ്രതീക്ഷിത മരണമായിരുന്നു ഷാനവാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആജീവനാന്ത വേദന. രാഷ്ട്രീയം പ്രേംനസീറിന്റെ സ്വപ്നമേ ആയിരുന്നില്ല. സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും എല്ലാ സാമ്പത്തിക പിന്തുണയും നൽകാമെന്നും പറഞ്ഞ് ഒരു വലിയ കോർപ്പറേറ്റ് നിരന്തരം നിർബന്ധിച്ചപ്പോഴും, കെ. കരുണാകരൻ പ്രചാരണത്തിന് ക്ഷണിച്ചപ്പോഴും നിരസിച്ച അദ്ദേഹം, ഒടുവിൽ ഇന്ദിരാഗാന്ധി നേരിട്ട് വിളിച്ചപ്പോൾ മാത്രമാണ് കോൺഗ്രസിന് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങിയത്. ഒരു മാസക്കാലം രാപ്പകലില്ലാതെ സമയത്ത് ആഹാരവും മരുന്നും കഴിക്കാതെ കേരളത്തിലുടനീളം യാത്ര ചെയ്ത് നൂറുകണക്കിന് യോഗങ്ങളിൽ സംസാരിച്ച നസീർ തിരികെ വീട്ടിലെത്തിയത് കടുത്ത ക്ഷീണത്തോടെയായിരുന്നു. ഷാനവാസ് മുൻകൈ എടുത്ത് പിറ്റേന്ന് തന്നെ മദ്രാസിലെ വിജയാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോഴാണ് അൾസർ രൂക്ഷമായി രക്തസ്രാവം തുടങ്ങിയ വിവരം അറിയുന്നത്. സന്ദർശകർക്ക് നിയന്ത്രണമില്ലാതിരുന്ന അന്ന് ആരിലൊക്കെയോ നിന്ന് ഇൻഫെക്ഷൻ ഉണ്ടാവുകയും, ദുർബലമായ ശരീരത്തിന് അത് താങ്ങാനാവാതെ അഞ്ചാം പനി ബാധിച്ച് ആരോഗ്യനില വഷളാവുകയുമായിരുന്നു. “എന്തെങ്കിലും സംഭവിച്ചാൽ എന്നെ മദ്രാസിലാക്കിയിട്ട് പോകരുത്, ചിറയിൻകീഴിൽ തന്നെ അടക്കണം” എന്ന പിതാവിന്റെ അവസാന ആഗ്രഹം ഷാനവാസ് കൃത്യമായി നിറവേറ്റി.
മലയാള സിനിമയുടെ യശസ്സ് ലോകഭൂപടത്തിൽ എത്തിച്ച പിതാവിന് അർഹമായ ഒരു സ്മാരകം സർക്കാർ തലത്തിൽ ഉണ്ടാകാതിരുന്നതിൽ ഷാനവാസിന് കടുത്ത വിഷമമുണ്ടായിരുന്നു. മാറിമാറി വന്ന സർക്കാരുകളെ സമീപിച്ചെങ്കിലും 2020-ൽ അനുവദിച്ച 72 സെന്റ് സ്ഥലത്തെ ‘കലാഗ്രാമം’ തറക്കല്ലിടലിൽ മാത്രം ഒതുങ്ങിപ്പോയി. തിരുവനന്തപുരം ക്ലബ്ബിൽ വെച്ചു നടന്ന തന്റെ വിവാഹത്തിന് താലി കെട്ടുന്നതിന് പത്ത് മിനിറ്റ് മുമ്പ് വന്ന്, ചടങ്ങ് കഴിഞ്ഞയുടൻ നിർമ്മാതാക്കൾക്ക് നഷ്ടമുണ്ടാകാതിരിക്കാൻ നമസ്കാരം പറഞ്ഞ് തിരിച്ചോടിയ പിതാവിന്റെ കൃത്യനിഷ്ഠയും സമർപ്പണവും ഷാനവാസ് എപ്പോഴും ഓർക്കുമായിരുന്നു. പിതാവിന്റെ ശബ്ദ ഗാംഭീര്യം ഏറെക്കുറെ അതേപടി കിട്ടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ “അത് മാത്രമേ കിട്ടിയുള്ളൂ” എന്ന് തമാശയായി പറഞ്ഞ ഷാനവാസ്, പിതാവിനെപ്പോലെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായാണ് വിടവാങ്ങിയത്. ആരോഗ്യസ്ഥിതി അനുവദിച്ചാൽ ഒരു പടം സംവിധാനം ചെയ്യുമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ദൈവത്തിന്റെ കാസ്റ്റിംഗിൽ ആ വേഷം ലഭിക്കാതെ പോയി. സിനിമയെക്കാളും ജീവിതത്തെ ആസ്വദിക്കാനും ആഘോഷമാക്കാനും ഇഷ്ടപ്പെട്ട, ആ നന്മ നിറഞ്ഞ നിഷ്കളങ്കമായ ചിരി അന്തരിച്ച് ഒരു വർഷം തികയുമ്പോഴും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുന്നു.